Advertisement
Entertainment
അഭിനയിക്കാനുള്ള മോഹവുമായി നില്‍ക്കുമ്പോഴാണ് എന്നെ അന്ന് മമ്മൂട്ടി ചിത്രത്തിലേക്ക് വിളിക്കുന്നത്: കനിഹ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 06, 06:26 am
Thursday, 6th February 2025, 11:56 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കനിഹ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു.

2002ല്‍ പുറത്തിറങ്ങിയ ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കനിഹ തന്റെ കരിയര്‍ ആരംഭിച്ചത്. മണിരത്‌നത്തിന്റെ നിര്‍മാണത്തില്‍ എത്തിയ സിനിമയായിരുന്നു ഫൈവ് സ്റ്റാര്‍.

2006ല്‍ എന്നിടം എന്ന സിനിമയിലൂടെയാണ് കനിഹ മലയാള സിനിമയില്‍ എത്തുന്നത്. 2009ല്‍ ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് മലയാളികള്‍ നടിയെ ശ്രദ്ധിക്കുന്നത്. ശേഷം മലയാളത്തില്‍ നിരവധി മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ കനിഹക്ക് സാധിച്ചിരുന്നു.

ഇപ്പോള്‍ ഹരിഹരന്റെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ കേരള വര്‍മ പഴശ്ശിരാജ എന്ന സിനിമയെ കുറിച്ച് പറയുകയാണ് കനിഹ. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമാജീവിതത്തില്‍ മറക്കാ നാവാത്ത സന്തോഷമുള്ള മുഹൂര്‍ത്തമേതാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി.

‘മലയാളത്തില്‍ ഹരിഹരന്‍ സാര്‍ സംവിധാനം ചെയ്ത പഴശ്ശിരാജ എന്ന സിനിമയില്‍ എനിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അതില്‍ മമ്മൂട്ടിക്കൊപ്പമാണ് ഞാന്‍ അഭിനയിച്ചത്. ഒരു ചരിത്ര സിനിമയായത് കൊണ്ട് രാജ്ഞിയായിട്ടാണ് ഞാന്‍ അഭിനയിച്ചത്.

അത്രയും വലിയ ഒരു സംവിധായകന്റെയും നടന്റെയും സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത് ഏറ്റവും വലിയ ഭാഗ്യവും ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനവുമാണെന്ന് ഞാന്‍ പറയും. അഭിനയം തുടങ്ങിയ കാലം തൊട്ടേ എനിക്ക് അത്തരത്തിലുള്ള ഒരു ചരിത്ര സിനിമയില്‍ അഭിനയിക്കണമെന്ന മോഹമുള്ളിലുണ്ടായിരുന്നു.

അതുകൊണ്ട് ആ അവസരം പഴശ്ശിരാജയിലൂടെ ലഭിച്ചപ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നു. ഷൂട്ടിങ്ങില്‍ ഓരോ ദിവസവും ആ കഥാപാത്രത്തിന്റെ കോസ്റ്റ്യൂമിലും മേക്കപ്പിലും എന്നെത്തന്നെ കാണുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജിയും സന്തോഷവും മനസിനെ നിറക്കുമായിരുന്നു.

ഒപ്പം ആ സിനിമ വലിയ വിജയമായപ്പോള്‍ അതിന്റെ ഇരട്ടി സന്തോഷം അനുഭവിച്ചു. അതുകൊണ്ട് പഴശ്ശിരാജയില്‍ അവസരം കിട്ടിയതും അഭിനയിച്ചതും മറക്കാനാവാത്ത അനുഭവവും സന്തോഷവുമാണ് എനിക്ക് ഇന്നും നല്‍കുന്നത്,’ കനിഹ പറയുന്നു.

Content Highlight: Kaniha Talks About Mammootty’s Kerala Varma Pazhassi Raja Movie