ഇന്ത്യന്‍ സിനിമക്ക് അഭിമാനനേട്ടമായി മാറിയ ചിത്രമാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. 30 വര്‍ഷത്തിന് ശേഷം കാന്‍ ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സിനിമയാണിത്.
ചലച്ചിത്രമേളയില്‍ മികച്ച രണ്ടാമത്തെ സിനിമക്കുള്ള ഗ്രാന്‍ഡ് പ്രി പുരസ്‌കാരവും ഈ ചിത്രം സ്വന്തമാക്കിയിരുന്നു. മലയാളികളായ കനി കുസൃതിയും, ദിവ്യ പ്രഭയുമാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഇപ്പോള്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിനെ കുറിച്ച് പറയുകയാണ് കനി കുസൃതി.
‘ഏഴുവര്‍ഷം മുമ്പാണ് ഈ സിനിമയിലേക്ക് പായല്‍ എന്നെ വിളിച്ചത്. ഇപ്പോള്‍ ദിവ്യപ്രഭ അവതരിപ്പിച്ച അനു എന്ന കഥാപാത്രമാണ് അന്നെനിക്ക് ഓഫര്‍ ചെയ്തത്. പായല്‍ അന്ന് ഫിലിം സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഞാന്‍ അഭിനയിച്ച ഒരു ഹ്രസ്വചിത്രം കണ്ട് അതിഷ്ടപ്പെട്ട് എവിടുന്നോ എന്റെ നമ്പര്‍ തപ്പിപ്പിടിച്ചാണ് വിളിച്ചത്.
അന്നെനിക്ക് ഇന്ന് കാണുന്നത്ര പ്രശസ്തിയൊന്നുമില്ല. അത്തരമൊരു കാലത്ത് ബോളിവുഡില്‍നിന്ന് നമ്മളെ ഒരാള്‍ ഇങ്ങോട്ട് വിളിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്നോട് കഥയുടെ ഐഡിയ പറഞ്ഞു. മലയാളി നഴ്സുമാരുടെ കഥയായതിനാല്‍ എന്റെ കുറേ അഭിപ്രായങ്ങള്‍ ചോദിച്ചു. ഓരോ ഡ്രാഫ്റ്റും തയ്യാറാകുമ്പോള്‍ പായല്‍ വായിക്കാന്‍ അയച്ചുതന്നിരുന്നു.
സിനിമക്ക് നിര്‍മാതാവിനെ കിട്ടാത്തതിനാല്‍ പായല്‍ വേറെ പ്രോജക്ടുകളുമായി മുന്നോട്ടുപോയി. പായല്‍ ചെയ്ത ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ എന്ന ഡോക്യുമെന്ററി കാന്‍സ് അടക്കം ഒരുപാട് വേദികളില്‍ ശ്രദ്ധേയമായി. മുമ്പ് പറഞ്ഞ സിനിമ നടക്കില്ല എന്ന് വിചാരിച്ച് ഞാനും ആ കാര്യം മറന്നുതുടങ്ങി. എന്റെ പ്രായം കൂടിയതിനാല്‍ പായല്‍ പറഞ്ഞ കഥാപാത്രം അവതരിപ്പിക്കാനും സാധിക്കില്ലായിരുന്നു.
രണ്ടുവര്‍ഷം മുമ്പ് ഒരുദിവസം അപ്രതീക്ഷിതമായി പായല്‍ എന്നെ വിളിച്ച് സിനിമ തുടങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞു. പ്രായം കൂടിയതിനാല്‍ അനു എന്ന കഥാപാത്രം ചെയ്യാനാകില്ലെന്ന് ഞാന്‍ അറിയിച്ചു. നമുക്ക് പ്രഭ എന്ന അല്‍പം പ്രായമുള്ള കഥാപാത്രത്തെ ചെയ്തുനോക്കിയാലോയെന്ന് പായ ലാണ് നിര്‍ദേശിച്ചത്.
പായലിന് വേണ്ട രീതിയില്‍ എന്നെക്കൊണ്ട് പ്രഭ എന്ന കഥാപാത്രത്തെ ചെയ്‌തെടുപ്പിച്ചു. ആദ്യം യഥാര്‍ഥ നഴ്‌സിനെ കൊണ്ടുവന്ന് വര്‍ക്ക്‌ഷോപ്പ് തന്നു. അവരില്‍നിന്ന് ആവശ്യമായ കാര്യങ്ങള്‍ സ്വീകരിച്ചു. ശേഷം പായലിന്റെ മനസിലുള്ള കഥാപാത്രത്തിന്റെ രൂപവും പറഞ്ഞു.
കഥാപാത്രത്തിന്റെ മാനറിസമടക്കമുള്ള കാര്യങ്ങള്‍ എന്റെ സ്വാതന്ത്ര്യത്തിന് വിട്ടുതന്നു. പ്രഭയുടെ ശരീരഭാഷയടക്കമുള്ള ചില കാര്യങ്ങളില്‍ എന്റെ അമ്മ ഡോ. ജയശ്രീയുടെ ചില പെരുമാറ്റ രീതികള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രഭയെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ സാധിച്ചു എന്നാണ് വിശ്വാസം,’ കനി കുസൃതി പറഞ്ഞു.
Content Highlight: Kani Kusruti Talks About Her Character In All We Imagine As Light