കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യന്‍ ചിത്രമായ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് അടക്കം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ താരമാണ് കനി കുസൃതി. തനിക്ക് സ്റ്റേറ്റ് അവാര്‍ഡിനേക്കാള്‍ സന്തോഷം ലഭിച്ച അവാര്‍ഡിനെ കുറിച്ച് സംസാരിക്കുകയാണ് കനി. ‘ഓക്കെ കമ്പ്യൂട്ടര്‍’ എന്ന ഹിന്ദി കോമഡി സീരീസിന് ഫിലിം ഫെയറില്‍ ലഭിച്ച അവാര്‍ഡിനെ പറ്റിയാണ് താരം പറഞ്ഞത്. ദ നെക്സ്റ്റ് 14 മിനുട്ട്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കനി.
‘എനിക്ക് ‘ഓക്കെ കമ്പ്യൂട്ടര്‍’ എന്ന ഒരു കോമഡി സീരീസ് ചെയ്തതിന് ഫിലിം ഫെയറില്‍ ബെസ്റ്റ് കോമഡി ആക്ടറിനുള്ള അവാര്‍ഡ് കിട്ടിയിരുന്നു. അത് എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു. എനിക്ക് കോമഡി ചെയ്യാന്‍ ഇഷ്ടമാണ്. അതില്‍ കോമഡി ചെയ്യുമ്പോള്‍ എന്റേതായി ചെയ്യാന്‍ പറ്റാത്ത കുറേ കാര്യങ്ങളൊക്കെ ചെയ്യാനായി. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയപ്പോള്‍ സന്തോഷമുണ്ടായി. ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അന്ന് എന്നെക്കാള്‍ ആ അവാര്‍ഡിന് അര്‍ഹരായ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു.
അവരുടെ പെര്‍ഫോമന്‍സ് കണ്ട് എനിക്ക് അങ്ങനെ തോന്നിയിരുന്നു. അന്നത്തെ ജൂറിക്ക് എനിക്ക് തരാന്‍ തോന്നിയത് കൊണ്ട് എനിക്ക് അവാര്‍ഡ് കിട്ടിയെന്ന രീതിയിലാണ് ഞാന്‍ അതിനെ കാണുന്നത്. പിന്നെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ കാര്യം ചോദിച്ചാല്‍, അത് പൂര്‍ണമായും പായലിന്റെ വര്‍ക്കാണ്. ഞാന്‍ അതില്‍ അഭിനയിച്ചു എന്നതില്‍ മാത്രമാണ് കാര്യം. മറ്റൊരാളാണ് ആ കഥാപാത്രം ചെയ്യുന്നതെങ്കില്‍ പോലും അവര്‍ക്ക് കാനില്‍ പോകാന്‍ സാധിച്ചേനേ. അല്ലാതെ അതില്‍ എന്റെ ക്രെഡിറ്റില്ല. പക്ഷെ അതിന്റെ ഭാഗമായതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.
‘ഓക്കെ കമ്പ്യൂട്ടറി’ന് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടിയതാണ് എന്നെ സന്തോഷിപ്പിച്ചത്. മൊണാലിസ എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. കുറച്ചൊക്കെ ഞാന്‍ തന്നെ ഉണ്ടാക്കിയെടുത്ത കഥാപാത്രമായിരുന്നു അത്. എന്റെ രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ എനിക്ക് കുറച്ചുകൂടെ ഫ്രീഡം ലഭിച്ചിരുന്നു. അതുകൊണ്ടാകാം, അതിന് അവാര്‍ഡ് കിട്ടിയപ്പോള്‍ സന്തോഷം തോന്നിയത്. ഞാന്‍ ഉണ്ടാക്കിയെടുത്ത ഒരു അവാര്‍ഡായിട്ടൊക്കെ എനിക്ക് അത് ഫീല്‍ ചെയ്തു. അതുകൊണ്ട് കുറച്ചു കൂടെ പേഴ്‌സണല്‍ ഇമോഷണല്‍ ഹാപ്പിനെസ് എനിക്ക് അതില്‍ നിന്ന് കിട്ടി,’ കനി കുസൃതി പറഞ്ഞു.
Content Highlight: Kani Kusruti Talks About Filmfare Award