Entertainment
എന്റെ അഭിനയം മോശമായതുകൊണ്ടാണോ മൂന്നും നാലും ടേക്ക് പോകുന്നതെന്ന് അസീസിക്ക എന്നോട് ചോദിച്ചു: കനി കുസൃതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 29, 01:14 pm
Wednesday, 29th May 2024, 6:44 pm

ഇന്ത്യന്‍ സിനിമക്ക് അഭിമാനമായി മാറിയ ചിത്രമാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച രണ്ടാമത്തെ സിനിമക്കുള്ള ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടി ചരിത്രം രചിച്ചു. മലയാളി താരങ്ങളായ കനി കുസൃതിയും, ദിവ്യ പ്രഭയും സിനിമയുടെ ഭാഗമായത് മലയാളികള്‍ക്കും അഭിമാനിക്കാനുള്ള വക നല്‍കി. കോമഡിയില്‍ നിന്ന് ട്രാക്ക് മാറ്റിയ അസീസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്ത് എല്ലാ സീനും ഒരുപാട് ടേക്കുകള്‍ പോകേണ്ടി വന്നിട്ടുണ്ടെന്ന് കനി പറഞ്ഞു. ഒരുപാട് വൈകിയാണ് അസീസ് ഈ സിനിമയില്‍ ജോയിന്‍ ചെയ്തതെന്നും ആദ്യ ദിവസം മൂന്ന് ടേക്ക് വരെ പോയപ്പോള്‍ തന്റെ അഭിനയം പായലിന് ഇഷ്ടമാകാത്തതു കൊണ്ടാണോ ഇത്രയും ടേക്ക് പോയതെന്ന് അസീസ് ചോദിച്ചെന്നും കനി പറഞ്ഞു. ഞങ്ങളൊക്കെ 50 ടേക്ക് വരെ പോകാറുള്ള കാര്യം അസീസിന് അറിയില്ലായിരുന്നുവെന്നും കനി കൂട്ടിച്ചേര്‍ത്തു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘പായലിന്റെ രീതി എങ്ങനെയാണെന്ന് വെച്ചാല്‍ നമ്മുടെ മാക്‌സിമം ഔട്പുട് കിട്ടുന്നതു വരെ ചെയ്യിക്കും. മലയാളത്തില്‍ നമ്മള്‍ ഫസ്റ്റ് ടേക്കില്‍ ഓക്കെയാക്കുന്നതു പോലെ അവിടെ നടക്കില്ല. അസീസിക്ക കുറച്ച് ലേറ്റായാണ് ഈ സിനിമയില്‍ ജോയിന്‍ ചെയ്യുന്നത്. ആദ്യ ദിവസം ഷോട്ട് എടുത്തപ്പോള്‍ ആദ്യ ടേക്കില്‍ പുള്ളി ഓക്കെയാക്കി. അതു കണ്ട് പായല്‍ പറഞ്ഞത്, ‘നൈസ് ആയിട്ടുണ്ട് എന്നാലും ഒന്നുകൂടി പോകാം’ എന്ന്.

രണ്ടാമത്തെയും മൂന്നാമത്തെയും ടേക്ക് കഴിഞ്ഞപ്പോള്‍ അസീസിക്ക എന്നോട് വന്ന് ചോദിച്ചത്, ‘പായലിന് എന്റെ അഭിനയം ഇഷ്ടമാകുന്നില്ലെന്ന് തോന്നുന്നു’ എന്നാണ്. മലയാളത്തില്‍ ആദ്യത്തെ ടേക്കില്‍ തന്നെ മാക്‌സിമം ഓക്കെയാക്കുന്ന പുള്ളിക്ക് മൂന്നാമത്തെ ടേക്ക് ആയപ്പോള്‍ അങ്ങനെ തോന്നിയതായിരിക്കാം. ഞാന്‍ പുള്ളിയോട് പറഞ്ഞു, ഞങ്ങളൊക്കെ മുപ്പതും മുപ്പതഞ്ചും ടേക്ക് വരെയൊക്കെ പോയിട്ടാണ് ഇരിക്കുന്നത്, നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്, പത്താമത്തെ ടേക്കില്‍ ഓക്കയായല്ലോ. അങ്ങനെയായിരുന്നു സിനിമയുടെ ഷൂട്ട്,’ കനി പറഞ്ഞു.

Content Highlight: Kani Kusruti shares the shooting experience with Azeez in All we Imagine as Light