| Tuesday, 28th May 2024, 7:33 pm

തണ്ണിമത്തന്‍ ബാഗ് ആയിരുന്നില്ല ആദ്യം മനസില്‍ വിചാരിച്ചത്: കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരത്തിന്റെ നേട്ടത്തിനൊപ്പം പലരും ചര്‍ച്ച ചെയ്തത് കനി കുസൃതി ഫലസ്തീന് നല്‍കിയ ഐക്യദാര്‍ഢ്യമായിരുന്നു. ചലച്ചിത്രമേളയുടെ വേദിയില്‍ തണ്ണിമത്തന്‍ ബാഗുമായി വന്നായിരുന്നു കനി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ലോകത്തിന്റെ ഓരോ കോണിലും ആളുകള്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ തനിക്ക് അവരോടൊപ്പം നില്‍ക്കണമെന്ന് തോന്നാറുണ്ടെന്നും, അതിന് വേണ്ടിയാണ് തണ്ണിമത്തന്‍ ബാഗുമായി കാനിലേക്ക് പോയതെന്നും കനി പറഞ്ഞു

ഫലസ്തീന്റെ മാപ്പ് പ്രിന്റ് ചെയ്ത ഡ്രസ് ധരിച്ചാലോ എന്ന് ചിന്തിച്ചിരുന്നെന്നും, എന്നാല്‍ പിന്നീടാണ് തണ്ണിമത്തന്‍ ബാഗ് കൊണ്ടുപോകാമെന്ന് തീരുമാനിച്ചതെന്നും കനി കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കനി ഇക്കാര്യം പറഞ്ഞത്.

‘ലോകത്ത് എവിടെയെങ്കിലും ആളുകള്‍ക്ക് പ്രശ്‌നമുണ്ടാകുമ്പോള്‍ എനിക്ക് അത് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അവരുടെ കൂടെ നില്‍ക്കണമെന്ന് എനിക്ക് തോന്നാറുണ്ട്. അതുകൊണ്ടാണ് ഞാന്‍ അവരുടെ കൂടെ നില്‍ക്കുന്നത്. കാനിലേക്ക് പോകുമ്പോള്‍ എന്റെ വലിയൊരു കണ്‍ഫ്യൂഷന്‍ എന്താണ് ചെയ്യേണ്ടതെന്നായിരുന്നു.

ആദ്യം ഫലസ്തീന്റെ മാപ്പ് ഉള്ള ഡ്രസ് ധരിച്ചാലോ എന്ന് ചിന്തിച്ചിരുന്നു. പക്ഷേ അതിനെക്കാള്‍ വ്യത്യസ്തമായി എന്ത് ചെയ്യാമെന്ന് ഒരുപാട് ആലോചിച്ചു. ഏറ്റവും അവസാനമാണ് ഏത് ഡ്രസിട്ടാലും അതിന്റെ കൂടെ കൊണ്ടുനടക്കാന്‍ പറ്റുന്ന തരത്തില്‍ തണ്ണിമത്തന്റെ ബാഗ് കൊണ്ടുപോകാമെന്ന് തീരുമാനിച്ചത്. സാള്‍ട്ട് സ്റ്റുഡിയോയിലെ ദിയയാണ് ഈ കാര്യത്തില്‍ എന്നെ സഹായിച്ചത്,’ കനി പറഞ്ഞു.

Content Highlight: Kani Kusruti saying that she planned to wear a dress with Palestine map instead of Watermelon bag

We use cookies to give you the best possible experience. Learn more