| Thursday, 30th May 2024, 8:03 am

ഞാന്‍ ഉത്തരവാദിയല്ല; എന്റെ നിലപാടുകളെയും അഭിപ്രായങ്ങളെയും അവരുദേശിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു: കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമക്ക് അഭിമാനമായി മാറിയ ചിത്രമാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച രണ്ടാമത്തെ സിനിമക്കുള്ള ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

ചിത്രത്തില്‍ മലയാളി താരങ്ങളായ കനി കുസൃതിയും, ദിവ്യ പ്രഭയും അസീസും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയതിനൊപ്പം തന്നെ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു കനി കുസൃതി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഫലസ്തീന് നല്‍കിയ ഐക്യദാര്‍ഢ്യം.

ചലച്ചിത്രമേളയുടെ വേദിയില്‍ തണ്ണിമത്തന്‍ ബാഗുമായി വന്നായിരുന്നു കനി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പിന്നാലെ താരം മുമ്പ് അഭിനയിച്ച ബിരിയാണി എന്ന ചിത്രത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകളും വര്‍ധിച്ചിരുന്നു. ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റുമായി വന്നിരിക്കുകയാണ് കനി കുസൃതി.

താന്‍ നല്‍കാത്ത അഭിമുഖങ്ങളും തന്റേതല്ലാത്ത അഭിപ്രായങ്ങളും നിലപാടുകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കാണുകയുണ്ടായെന്നും തന്റെ നിലപാടുകളെയും അഭിപ്രായങ്ങളെയും മറ്റൊരു തരത്തിലേക്ക് എഡിറ്റ് ചെയ്താണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നതെന്നുമാണ് താരം പറയുന്നത്.

ഇത് തന്റെ അറിവോടെ സംഭവിക്കുന്നതല്ലെന്നും അതുകൊണ്ട് ആ ഉള്ളടക്കങ്ങളിലെ ആരോപണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും താന്‍ ഒരു തരത്തിലും ഉത്തരവാദിയല്ലെന്നും കനി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ഞാന്‍ കൂടി ഭാഗമായ ചിത്രം കാന്‍ ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍, ഫെസ്റ്റിവല്‍ വേദിയിലെ എന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പശ്ചാത്തലത്തില്‍, മലയാളത്തില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചതിനെച്ചൊല്ലി ധാരാളം ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ഞാന്‍ നല്‍കാത്ത അഭിമുഖങ്ങളും എന്റേതല്ലാത്ത അഭിപ്രായങ്ങളും നിലപാടുകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കാണുകയുണ്ടായി. ഞാന്‍ മറ്റു മാധ്യമങ്ങളില്‍ പരസ്യമായി പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും ഞാന്‍ പറഞ്ഞ അര്‍ത്ഥത്തില്‍ നിന്നും തികച്ചും വിപരീതമായി അവര്‍ ഉദേശിക്കുന്ന തരത്തിലേക്ക് എഡിറ്റ് ചെയ്താണ് ഇക്കൂട്ടര്‍ ഇന്റര്‍വ്യു വീഡിയോയും മറ്റ് ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത്.


ഇത് എന്റെ അറിവോടെ സംഭവിക്കുന്നതല്ല എന്ന കാരണത്താല്‍ തന്നെ പ്രസ്തുത ഉള്ളടക്കങ്ങളിലെ ആരോപണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഞാന്‍ ഒരു തരത്തിലും ഉത്തരവാദിയല്ല എന്നു പറയട്ടെ.
PS: ഇത് മലയാളത്തില്‍ മാത്രമേ എഴുതേണ്ടി വന്നു എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

Content Highlight: Kani Kusruti’s Facebook Post On Fake News In Online Media

We use cookies to give you the best possible experience. Learn more