| Wednesday, 17th July 2024, 6:40 pm

സെല്‍ഫി ക്യാമറ വന്നതിന് ശേഷം സിനിമാ ഷൂട്ടിങ്ങില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ മാറ്റം അതാണ്: കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ റോളുകളിലൂടെ വന്ന് ഇന്ന് മലയാളസിനിമക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത അഭിനേത്രിയാണ് കനി കുസൃതി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന കനി ഓള്‍ വീ ഇമാജിന്‍ഡ് ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

അഭിനേത്രി എന്ന നിലയില്‍ ചെയ്ത സിനിമകളെക്കാള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് താരത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടാണ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തണ്ണിമത്തന്‍ ബാഗ് ഉയര്‍ത്തിപ്പിടിച്ചതും അത്തരത്തിലുള്ള നിലപാടിന്റെ  ഭാഗമായിട്ടായിരുന്നു. മലയാളസിനിമയില്‍ ഈയടുത്ത് താന്‍ കണ്ട മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. ക്യാമറക്ക് മുന്നില്‍ പലരും പെരുമാറുന്നതില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുള്ളതായി തനിക്ക് തോന്നിയിട്ടുണ്ടെന്ന് കനി പറഞ്ഞു.

സെല്‍ഫി ക്യാമറ വന്നതിന് ശേഷം പലരും സ്വന്തം ബോഡി ലാംഗ്വേജിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുത്തിട്ടുണ്ടെന്നും താരം പറഞ്ഞു. സെല്‍ഫി ക്യാമറയുടെ കടന്നുവരവിന് മുമ്പ് പലരും ക്യാമറക്ക് മുമ്പില്‍ പെരുമാറുമ്പോള്‍ നാടകീയത തോന്നിയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ടെന്നും കനി കൂട്ടിച്ചേര്‍ത്തു. പുതിയ വെബ് സീരീസായ നാഗേന്ദ്രന്‍സ് ഹണിമൂണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കനി ഇക്കാര്യം പറഞ്ഞത്.

‘സെല്‍ഫി ക്യാമറ വന്നതിന് ശേഷം മലയാളസിനിമയില്‍ വലിയൊരു മാറ്റം ഉണ്ടായതായി തോന്നിയിട്ടുണ്ട്. കാരണം, സെല്‍ഫി ക്യാം കാരണം നമ്മുടെ ബോഡി ലാംഗ്വേജില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തുതുടങ്ങി. അത് ക്യാമറക്ക് മുന്നില്‍ പെരുമാറുമ്പോള്‍ നല്ല രീതിയില്‍ എടുത്തറിയാന്‍ നമുക്ക് പറ്റുന്നുണ്ട്. പണ്ട് അങ്ങനെയായിരുന്നില്ലല്ലോ.

ആ സമയത്തൊക്കെ എല്ലാവരും ക്യാമറക്ക് മുന്നില്‍ അഭിനയിക്കുമ്പോള്‍ ചെറിയ രീതിയിലൊക്കെ നാടകീയത അനുഭവപ്പെടാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമുക്ക് അത് കാണാന്‍ സാധിക്കില്ല. അതിന് കാരണം നമ്മള്‍ നമ്മുടെ ഫോണില്‍ സ്വന്തം ഫോട്ടോയും വീഡിയോയുമൊക്കെ എടുത്ത് നമ്മളില്‍ ഒരു ആത്മവിശ്വാസം വന്നതുകൊണ്ടാണെന്ന് വിശ്വസിക്കുന്നു,’ കനി കുസൃതി പറഞ്ഞു.

Content Highlight: Kani Kusruti about the change happened in Film shooting process

We use cookies to give you the best possible experience. Learn more