ചെറിയ റോളുകളിലൂടെ വന്ന് ഇന്ന് മലയാളസിനിമക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത അഭിനേത്രിയാണ് കനി കുസൃതി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന കനി ഓള്‍ വീ ഇമാജിന്‍ഡ് ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
നാടകം ചെയ്ത് ശീലിച്ചതുകൊണ്ട് ചെറിയ സമയം കൊണ്ട് കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ തനിക്ക് പറ്റില്ലെന്ന് പറയുകയാണ് കനി. തനിക്ക് ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കുറച്ചധികം സമയമെടുക്കാറുണ്ടെന്നും താരം പറഞ്ഞു. ജഗതി ശ്രീകുമാറൊക്കെ എത്ര ചെറിയ റോളാണെങ്കിലും പെട്ടെന്ന് വന്ന് കഥാപാത്രത്തിലേക്ക് മാറുന്നത് കണ്ട് അത്ഭുതപ്പെട്ടുവെന്നും വീട്ടില്‍ നിന്ന് പ്രിപ്പെയര്‍ ചെയ്തിട്ടാണോ വന്നതെന്ന് തോന്നിയെന്നും കനി പറഞ്ഞു.
ജഗതിക്ക് ശേഷം അതുപോലെ കണ്ടത് ഗ്രേസ് ആന്റണിയിലാണെന്നും കനി പറഞ്ഞു. വളരെ പെട്ടെന്നാണ് ക്യാരക്ടറിലേക്ക് ഇന്‍ ആകുന്നതെന്നും കഥാപാത്രത്തിന്റ താളം പെട്ടെന്ന് ഉള്‍ക്കൊള്ളുന്ന നടിയാണ് ഗ്രേസെന്നും കനി കൂട്ടിച്ചേര്‍ത്തു. പുതിയ വെബ് സീരീസായ നാഗേന്ദ്രന്‍സ് ഹണിമൂണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കനി ഇക്കാര്യം പറഞ്ഞത്.
‘എനിക്കൊന്നും ചെറിയ സമയം കൊണ്ട് കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. നാടകത്തില്‍ നിന്ന് വന്നതുകൊണ്ടാകാം അങ്ങനെ ചെയ്യേണ്ടി വരുന്നതെന്ന് തോന്നുന്നു. പക്ഷേ ജഗതി ശ്രീകുമാറൊക്കെ അഭിനയിക്കുന്നത് കണ്ട് ഞെട്ടിയിട്ടുണ്ട്. അദ്ദേഹം പെട്ടെന്ന് തന്നെ ക്യാരക്ടറിലേക്ക് ഇന്‍വോള്‍വ് ആകും. വീട്ടില്‍ നിന്ന് പ്രിപ്പെയര്‍ ചെയ്തിട്ടാണോ ഇവരൊക്കെ സെറ്റിലേക്ക് വരുന്നതെന്ന് ആലോചിച്ചിട്ടുണ്ട്.
ജഗതി സാറിന് ശേഷം ഞാന്‍ അതുപോലെ കണ്ടിട്ടുള്ളത് ഗ്രേസിലാണ്. എത്ര പെട്ടെന്നാണ് ആ ക്യാരക്ടറിലേക്ക് മാറുന്നതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ക്യാരക്ടറിന്റെ ആ താളമൊക്കെ വളരെ പെട്ടെന്ന് ഗ്രേസ് ക്യാച്ച് ചെയ്യും. അതുപോലെ എന്നെ മലയാളത്തില്‍ നിന്ന് അധികമാരും വിളിക്കാറില്ല, നിതിന്റെ വിളി വന്നപ്പോള്‍ വലിയ സന്തോഷമായിരുന്നു,’ കനി പറഞ്ഞു.
Content Highlight: Kani Kusruti about Jagathy Sreekumar and Grace Antony