Entertainment
അതൊന്നും കാണാൻ ഞാൻ ഇപ്പോഴും ഓക്കെയായിട്ടില്ല, എന്നിട്ടും ഞാൻ ആവേശം കണ്ടു: കനി കുസൃതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 28, 04:28 am
Sunday, 28th July 2024, 9:58 am

ഈ വർഷം ഇറങ്ങി തിയേറ്ററിൽ വലിയ വിജയമായി മാറിയ ഫഹദ് ഫാസിൽ ചിത്രമായിരുന്നു ആവേശം. രോമാഞ്ചത്തിന് ശേഷം ജീത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം നൂറ് കോടിയോളം കളക്ഷൻ ബോക്സ്‌ ഓഫീസിൽ നിന്ന് നേടിയിരുന്നു.

രംഗൻ എന്ന ഒരു ഗുണ്ടാ നേതാവായാണ് ഫഹദ് സിനിമയിൽ എത്തിയത്. ആക്ഷൻ രംഗങ്ങളും ഫൈറ്റ് സീനുകളും നിറഞ്ഞ ചിത്രമാണ് ആവേശം. സിനിമയിലെ വയലൻസുകൾ തനിക്ക് കാണാൻ കഴിയില്ലെന്നും തന്റെ മനസതിന് പകപ്പെട്ടിട്ടില്ലെന്നും നടി കനി കുസൃതി പറയുന്നു. താൻ ആദ്യമായി ഇടി കണ്ട സിനിമ ആവേശം ആണെന്നും ചെറുപ്പത്തിൽ ഇടിയൊന്നും കാണാനുള്ള മനശക്തി തനിക്ക് ഇല്ലായിരുന്നുവെന്നും കനി കൂട്ടിച്ചേർത്തു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘സിനിമയിൽ കൊലപാതകം കാണിക്കുന്നത് എനിക്ക് ഇപ്പോഴും ഒട്ടും ഓക്കെയല്ല. സിനിമയിലെ വയലൻസും ആരെയെങ്കിലും കൊല്ലുന്നതുമൊന്നും കാണാൻ എനിക്ക് ഓക്കെയല്ല. ഒരു പ്രേക്ഷക എന്ന നിലയ്ക്ക് ഞാൻ പലപ്പോഴും അതെല്ലാം കാണാതിരിക്കാനേ ശ്രമിക്കുകയുള്ളൂ.

പക്ഷെ എത്രയോ പേർ ഒരാളെ കൊല്ലുന്നത് കുഴപ്പമില്ലാതെ കാണുന്നു. അത് ഒട്ടും ഓക്കെ അല്ലാത്ത പ്രേക്ഷകയാണ് ഞാൻ. പക്ഷെ ലോകത്തൊക്കെ എത്രയോ പേർ കാണിക്കുന്നുണ്ട്. റേപ്പൊക്കെ വിഷ്വലി കാണിക്കുന്നതൊന്നും എനിക്ക് പറ്റില്ല. പക്ഷെ കുറെ പേർ അത് കാണുന്നുണ്ട്.

അതൊന്നും കാണാൻ എന്റെ മനസിപ്പോഴും പാകപ്പെട്ടിട്ടില്ല . ഇടി പോലും കാണാൻ പറ്റില്ല. എനിക്ക് തോന്നുന്നത് ആവേശം എന്ന സിനിമയിലാണ് ഞാൻ ആദ്യമായി ഇടി കാണുന്നത്. കാരണം ഇന്ന് വരെ ഞാനൊരു പടത്തിലും ഇടി കണ്ടിട്ടില്ല. ഇടി വരുമ്പോൾ ഞാൻ കണ്ണ് പൊത്തി ചെവി പൊത്തി ഇരിക്കും. വീട്ടിൽ ആണെങ്കിൽ ഞാൻ പുറത്തേക്ക് ഇറങ്ങി ഓടുമായിരുന്നു.

കാരണം എനിക്കത് കാണാനുള്ള ഒരു മനശക്തി ഉണ്ടായിട്ടില്ല. എല്ലാ കാര്യത്തിലും മനശക്തി ആളുകൾക്ക് ഉണ്ടാവണം എന്നില്ലല്ലോ. ഒട്ടും ഉൾകൊള്ളാൻ കഴിയാത്ത കാര്യങ്ങൾ കാണുമ്പോൾ അത് നമ്മളെ നന്നായി ബാധിക്കാം. അങ്ങനെയൊരു സമൂഹമാണല്ലോ ഇവിടെയുള്ളത്,’ കനി കുസൃതി പറയുന്നു.

Content Highlight: Kani Kusruthy Talk About Violence In Aavesham Movie