|

'പേടിക്കേണ്ട നീ വന്നിട്ടേ ചാകൂ'; വേദനയായി കനി കുസൃതിയ്ക്ക് അനില്‍ അയച്ച സന്ദേശങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയനടന്‍ അനില്‍ പി. നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് സിനിമാലോകം ഇതുവരെ മുക്തമായിട്ടില്ല. സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് അനിലിന് ആദരാഞ്ജലി അര്‍പ്പിച്ചെത്തിയത്.

അനില്‍ തന്റെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച പോസ്റ്റുകളും ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയാണ്. അക്കൂട്ടത്തില്‍ നടി കനി കുസൃതിയ്ക്ക് അനില്‍ അയച്ച സന്ദേശങ്ങളാണ് ആരാധകരെ വീണ്ടും വേദനയിലാഴ്ത്തിയിരിക്കുന്നത്.

2018 ഫെബ്രുവരിയില്‍ കനി കുസൃതിയുമായി അനില്‍ നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കനി തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഈ സ്‌ക്രീന്‍ഷോട്ട് പരസ്യപ്പെടുത്തിയത്.

അനില്‍ മരിച്ചുവെന്ന് താന്‍ സ്വപ്‌നം കണ്ടെന്നും പിറ്റേന്ന് രാവിലെ അദ്ദേഹത്തോട് ഇക്കാര്യം പറയുന്നതുമാണ് ചാറ്റിന്റെ ഉള്ളടക്കം. മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ…പേടിക്കേണ്ട നീ വന്നിട്ടേ ചാകൂ എന്ന തലക്കെട്ടോടെ അനില്‍ തന്നെ ഈ സ്‌ക്രീന്‍ ഷോട്ട് അന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചാറ്റാണ് ഇപ്പോള്‍ കനിയും പങ്കുവെച്ചത്

ഡിസംബര്‍ 25ന് തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് അനില്‍ മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കരയ്ക്ക് എത്തിച്ചത്. ഈ വര്‍ഷം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ അനിലിന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. കമ്മട്ടിപ്പാടത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Kani Kusruthy Remembers Anil P Nedumangad