| Monday, 6th June 2022, 3:54 pm

ഗ്ലിസറിൻ ഒഴിച്ച് കരഞ്ഞോ ഗ്ലിസറിൻ ഒഴിക്കാതെ കരഞ്ഞോ ഇതൊന്നുമല്ല, കാണികളിൽ രസമുണ്ടാക്കുക എന്നതിലാണ് കാര്യം: കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ, നാടക മേഖലയിൽ സജീവമായി നിൽക്കുന്ന വ്യക്തിയാണ് കനി കുസൃതി. അഭിനയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകൾ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. ഗ്ലിസറിൻ ഇല്ലാതെ കരയുന്നതിൽ കാര്യമില്ലെന്നും മറിച്ച് അത് കാഴ്ചക്കാർക്ക് അനുഭവിക്കാൻ പറ്റുന്നുണ്ടോ എന്നതിലാണ് കാര്യമെന്നുമാണ് കനി പറഞ്ഞത്. വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് കനി ഈ കാര്യങ്ങൾ സംസാരിച്ചത്.

‘ഒരു സിറ്റുവേഷൻ വായിക്കുമ്പോൾ ‘അമ്മ ഇരുന്നു കരഞ്ഞു’ എന്ന് കേട്ടാൽ എനിക്ക് കരച്ചിൽ വരണമെന്നില്ല. അമ്മക്ക് ഒരു കത്ത് കിട്ടി മിലിട്ടറിയിൽ ആയിരുന്ന മകൻ മരിച്ചുവെന്ന് വായിക്കുമ്പോൾ ചിലപ്പോൾ എനിക്ക് സങ്കടം വന്നേക്കാം. അങ്ങനെ തന്നെയാണ് അഭിനേതാക്കൾ അഭിനയിക്കുമ്പോഴും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

അവർ കരയുന്നത് കാണുന്നത് കൊണ്ടല്ല എനിക്ക് കരച്ചിൽ വരുന്നത്. അവരുടെ അഭിനയം എന്നിലാണ് രസം ഉണ്ടാക്കുന്നത് എന്നതുകൊണ്ടാണ്. എനിക്കിഷ്ടപ്പെട്ട അഭിനേതാക്കളുടെ കാര്യമെടുത്താൽ അവർ ദേഷ്യപെടുന്നത് കൊണ്ടോ അവർ ചിരിക്കുന്നത് കൊണ്ടോ അല്ല എനിക്കും ആ ഇമോഷൻ അനുഭവപ്പെടുന്നത്. അവരുടെ പെരുമാറ്റത്തിലും ശബ്ദത്തിന്റെ മോഡുലേഷനിലും ഞാൻ ആ രസം അനുഭവിക്കുകയാണ്.

ചിലർ ചോദിക്കാറുണ്ട് എങ്ങനെയാണ് ചേച്ചി ഗ്ലിസറിൻ ഇല്ലാതെ കരയുന്നതെന്ന്. ഒരു ആക്ടർ ഗ്ലിസറിൻ ഇല്ലാതെ കരഞ്ഞാൽ അത് എന്തോ വലിയ കാര്യമായാണ് കാണുന്നത്. ശരിക്കും ഗ്ലിസറിൻ വെച്ച് കരയുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. അതിലല്ല കാര്യം. ഗ്ലിസറിൻ ഒഴിച്ച് കരഞ്ഞോ ഗ്ലിസറിൻ ഇല്ലാതെ കരഞ്ഞോ, ഇതൊന്നുമല്ല കാര്യം.

ഒരാൾ ഒരു കാര്യം വന്ന് പറഞ്ഞാൽ നമുക്ക് ആ സങ്കടം വരുന്നുണ്ടോ അല്ലെങ്കിൽ നമ്മൾ അത് അനുഭവിക്കുന്നതിലേക്ക് എത്തിക്കാൻ പറ്റുന്നുണ്ടോ എന്നുള്ളതാണ്. അത് ഇപ്പോഴുള്ള പല അഭിനേതാക്കൾക്കും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. അവർ പലതും ഇങ്ങനെ കാണിക്കും, അതെനിക്ക് അനുഭവിക്കുന്നത് പോലെ തോന്നാറില്ല. അങ്ങനെയുള്ള അഭിനേതാക്കളുമുണ്ട്. എന്നാൽ കുറവാണ്. പഴയ നടികളിലും നടന്മാരിലുമാണ് കാണികളിൽ രസം അനുഭവിപ്പിക്കാനുള്ള കഴിവ് ഞാൻ കൂടുതലായി കണ്ടിട്ടുള്ളത്,’ കനി പറഞ്ഞു.

Content Highlight: Kani Kusruthi talking about actors talent on potraiting feelings

We use cookies to give you the best possible experience. Learn more