കാൻ ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യൻ ചിത്രമായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് അടക്കം ഒരുപിടി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള നടിയാണ് കനി കുസൃതി.
മലയാള സിനിമയിലെ മുൻനിര നിർമാതാക്കളായ ഭാവന സ്റ്റുഡിയോസിനെ കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. കുമ്പളങ്ങി നൈറ്റ്സ്, തങ്കം, ജോജി, പാൽത്തു ജാനവർ തുടങ്ങിയ മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസാണ് ഭാവന സ്റ്റുഡിയോസ്. സംവിധായകൻ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവരുടെ ഉടമസ്ഥതയിലാണ് ഭാവന സ്റ്റുഡിയോസ്.
ഭാവന സ്റ്റുഡിയോസ് ഒരിക്കൽ അവസരം നൽകിയ നായികമാർക്ക് പിന്നീട് അവരുടെ സിനിമയിൽ അഭിനയിപ്പിക്കുന്നില്ല എന്നാണ് കനി പറയുന്നത്. മഹേഷിന്റെ പ്രതികാരത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച ലിജോ മോളും കുമ്പളങ്ങി നൈറ്റ്‌സിലെ പ്രധാന കഥാപാത്രമായി എത്തിയ ഗ്രേസ് ആന്റണിയും മികച്ച നടിമാർ ആണെന്നും എന്നാൽ അവർക്ക് പിന്നീട് ഭാവന സ്റ്റുഡിയോസിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കനി പറയുന്നു.
താനൊരു സംവിധായിക ആയിരുന്നുവെങ്കിൽ തീർച്ചയായും അവരെ പരിഗണിക്കുമായിരുന്നുവെന്നും കനി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭാവന സ്റ്റുഡിയോസിന്റെ സിനിമകളിൽ തുടർച്ചയായി നായകനാവാൻ ഫഹദ് ഫാസിലിന് കഴിഞ്ഞെന്നും കനി കൂട്ടിച്ചേർത്തു.
‘ഭാവന സ്റ്റുഡിയോസിന്റെ ആളുകൾ എന്നെ വഴക്ക് പറയുമോയെന്ന് അറിയില്ല. പക്ഷെ ഞാൻ ആലോചിച്ചു, അവർ ഫഹദിന്റെ കൂടെ പല തവണ വർക്ക് ചെയ്തു, തുടരെ സിനിമകൾ ചെയ്തു. എന്നാൽ അപർണ മാത്രമാണ് അവരുടെ ഒരു റിപ്പീറ്റഡ് സിനിമയിൽ വന്നിട്ടുള്ള നായിക.
ബാക്കി അവരുടെ നായികമാരോ നടിമാരോയൊന്നും അവരുടെ വേറെയൊരു സിനിമയിലും വന്നിട്ടില്ല. എനിക്ക് തോന്നും അതെന്താണെന്ന്. അവരുടെ പടങ്ങളിൽ നടിമാർ എപ്പോഴും പുതിയ ആളുകളാണ്. പക്ഷെ അപർണ മാത്രമേ റിപ്പീറ്റ് ആയി വന്നിട്ടുള്ളൂവെന്നാണ് എന്റെ ഓർമ. തങ്കം എന്ന സിനിമയിൽ.
ബാക്കി മഹേഷിന്റെ പ്രതികാരത്തിലെ ലിജോ മോൾ ആണെങ്കിലും, ഗ്രേസ് ആണെങ്കിലും വളരെ രസമുള്ള നടിമാരാണ്. ഒരുപാട് റേഞ്ച് അവർക്കുണ്ടെന്ന് എനിക്ക് കാണുമ്പോൾ തോന്നാറുണ്ട്.
അല്ലെങ്കിൽ അവർക്കൊരു അവസരം നൽകിയാൽ ലിജോ മോൾ ആണെങ്കിലും ഗ്രേസ് ആണെങ്കിലും അസാധ്യമായി ചെയ്യുമെന്ന് ഞാൻ വിചാരിക്കുന്നുണ്ട്. ഞാൻ ഒരു സംവിധായികയാണെങ്കിൽ ഒരുപക്ഷേ അവർക്ക് മുൻഗണന നൽകാൻ സാധ്യതയുണ്ട്,’കനി കുസൃതി പറയുന്നു.
Content Highlight: Kani kusruthi Talk About Grace Antony And Lijo Mol