| Wednesday, 27th November 2024, 8:08 am

വെറും മൂന്ന് സീന്‍ മാത്രമുള്ള ആ സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് എന്നെ കൂടുതല്‍ ആളുകള്‍ തിരിച്ചറിഞ്ഞത്: കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ റോളുകളിലൂടെ വന്ന് ഇന്ന് മലയാളസിനിമക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത അഭിനേത്രിയാണ് കനി കുസൃതി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന കനി ഓള്‍ വീ ഇമാജിന്‍ഡ് ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

2020ല്‍ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കനി സ്വന്തമാക്കിയിരുന്നു. എന്നാല്‍ അത്തരം അവാര്‍ഡ് സിനിമകളെക്കാള്‍ തന്നെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചത് കൊമേഴ്‌സ്യല്‍ സിനിമകളിലാണെന്ന് പറയുകയാണ് കനി കുസൃതി. എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത് 2017ല്‍ റിലീസായ സ്‌പൈഡറില്‍ താനും ഭാഗമായിരുന്നെന്നും അതില്‍ വെറും മൂന്ന് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കനി കുസൃതി പറഞ്ഞു.

എന്നാല്‍ ആ സിനിമയില്‍ അഭിനയിച്ചതാണ് പലരും ശ്രദ്ധിച്ചതെന്നും കുറേപ്പേര്‍ ആ സിനിമയെപ്പറ്റി സംസാരിക്കാറുണ്ടെന്നും കനി കൂട്ടിച്ചേര്‍ത്തു. സ്റ്റേറ്റ് അവാര്‍ഡ് നേടിത്തന്ന സിനിമയെക്കാള്‍ ആളുകള്‍ ശ്രദ്ധിക്കുന്നത് കൊമേഴ്‌സ്യല്‍ സിനിമയിലാണെന്നും കനി കുസൃതി പറഞ്ഞു. ചെറിയ വേഷമാണെങ്കില്‍ പോലും അത്തരം സിനിമകളില്‍ അഭിനയിക്കുന്നതാണ് ആളുകള്‍ ശ്രദ്ധിക്കുകയെന്ന് കനി കൂട്ടിച്ചേര്‍ത്തു.

സ്‌പൈഡറിലെ മൂന്ന് സീനില്‍ അഭിനയിച്ചത് ആളുകള്‍ എടുത്തു പറഞ്ഞപ്പോഴാണ് മാസ് സിനിമകളുടെ പവര്‍ എത്രത്തോളമുണ്ടെന്നുള്ളത് മനസിലായതെന്നും കനി പറഞ്ഞു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മാസ് സിനിമകളെക്കാള്‍ കൂടുതല്‍ വര്‍ക്ക് ചെയ്തത് വേറെ സിനിമക്കാകാമെന്നും എന്നാല്‍ അത് ചിലപ്പോള്‍ ശ്രദ്ധിക്കപ്പെട്ടേക്കില്ല എന്നും കനി കുസൃതി കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു കനി.

‘അവാര്‍ഡ് കിട്ടിയ സിനിമകളെക്കാള്‍ നമ്മളെ തിരിച്ചറിയുന്നത് വലിയ സിനിമകളില്‍ ചെയ്യുന്ന ചെറിയ വേഷമായിരിക്കും. എനിക്ക് അങ്ങനെ ഒരു അനുഭവമുണ്ടായിട്ടുണ്ട്. സ്‌പൈഡര്‍ എന്നൊരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എ.ആര്‍. മുരുകദോസാണ് അത് ഡയറക്ട് ചെയ്തത്. ആകെ മൂന്ന് സീന്‍ മാത്രമേയുള്ളൂ. പക്ഷേ ആളുകള്‍ കാണുമ്പോള്‍ കൂടുതലും സംസാരിക്കുന്നത് ആ സിനിമയെക്കുറിച്ചാണ്.

മാസ് സിനിമകളുടെ പവര്‍ അപ്പോഴാണ് എനിക്ക് മനസിലായത്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നമ്മള്‍ അതിനെക്കാള്‍ കൂടുതല്‍ വര്‍ക്ക് ചെയ്തിട്ടുണ്ടാവുക വേറെ സിനിമയിലായിരിക്കും. പക്ഷേ പോപ്പുലറായ സിനിമകളില്‍ കൂടിയായിരിക്കും ആളുകള്‍ നമ്മളെ തിരിച്ചറിയുക. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ സിനിമയെക്കാള്‍ കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നത് അത്തരം ചെറിയ വേഷങ്ങളെക്കുറിച്ചാകും,’ കനി കുസൃതി പറയുന്നു.

Content Highlight: Kani Kusruthi says that people recognize her through commercial movies

We use cookies to give you the best possible experience. Learn more