| Thursday, 18th July 2024, 9:10 am

അത്തരം റോളുകള്‍ എന്നെ സംബന്ധിച്ച് ചാലഞ്ചിങ്ങാണ്, അതെല്ലാം ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്: കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ റോളുകളിലൂടെ വന്ന് ഇന്ന് മലയാളസിനിമക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത അഭിനേത്രിയാണ് കനി കുസൃതി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന കനി ഓള്‍ വീ ഇമാജിന്‍ഡ് ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

കോമഡി റോളുകള്‍ തനിക്ക് ഇഷ്ടമാണെന്ന് പറയുകയാണ് കനി. എന്നാല്‍ അത്തരം റോളുകള്‍ ചെയ്യാന്‍ തന്നെയാരും വിളിക്കാറില്ലെന്നും താരം പറഞ്ഞു. മറ്റ് വേഷങ്ങള്‍ ചെയ്യുമ്പോള്‍ അത് 10 പേര്‍ക്ക് ഇഷ്ടമാകാതെ പോയാലും ഒരാള്‍ക്ക് ഇഷ്ടമാകാനെങ്കിലും സാധ്യതയുണ്ടെന്നും എന്നാല്‍ കോമഡിയുടെ കാര്യത്തില്‍ അങ്ങനെയല്ലെന്നും കനി പറഞ്ഞു.

കോമഡി ചെയ്യുമ്പോള്‍ അതിന്റെ റിസല്‍ട്ട് അപ്പോള്‍ തന്നെ നമുക്ക് കിട്ടുമെന്നും വര്‍ക്കായോ ഇല്ലയോ എന്ന് മനസിലാകുമെന്നും കനി പറഞ്ഞു. എന്നാല്‍ തന്നെ ആരും ഇന്നേവരെ കോമഡി ചെയ്യാന്‍ വിളിച്ചിട്ടില്ലെന്നും സീരിയസ് വേഷങ്ങള്‍ മാത്രമേ വരുന്നുള്ളൂവെന്നും കനി കൂട്ടിച്ചേര്‍ത്തു. റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് കനി ഇക്കാര്യം പറഞ്ഞത്.

‘കോമഡി ചെയ്യാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. കോമഡിയായിട്ടുള്ള റോളുകളും കഥകളും നമ്മളെ ചിന്തിപ്പിക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഴോണര്‍ കോമഡിയാണ്. എന്നെ സംബന്ധിച്ച് അത്തരം റോളുകള്‍ ചാലഞ്ചിങ്ങാണ്. കാരണം, മറ്റ് തരത്തിലുള്ള റോളുകള്‍ ചെയ്യുമ്പോള്‍ അത് 10 പേര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരാളെങ്കിലും ഇഷ്ടമായി എന്ന് പറയും. എന്നാല്‍ കോമഡിയില്‍ അങ്ങനെയല്ല. അതിന്റെ റിസല്‍ട്ട് നമുക്ക് പെട്ടെന്ന് കിട്ടും.

വര്‍ക്കായോ ഇല്ലയോ എന്ന് അപ്പോള്‍ തന്നെ അറിയാന്‍ പറ്റും. ആര്‍ക്കും ഫേക്ക് ചെയ്ത് ചിരിക്കാന്‍ പറ്റില്ല. ഏതൊരാര്‍ട്ടിസ്റ്റിനും ചാലഞ്ചിങ്ങായിട്ടുള്ളത് കോമഡി ചെയ്യാനാണ്. എഴുതാനായാലും ഡയറക്ട് ചെയ്യാനാണെങ്കിലും ഏറ്റവും പാട് കോമഡി എഴുതാനാണ്. അതില്‍ ഒരിക്കലും കള്ളത്തരം കാണിക്കാന്‍ പറ്റില്ല. അത് വര്‍ക്കാകുക തന്നെ വേണം,’ കനി പറഞ്ഞു.

Content Highlight: Kani Kusruthi saying that she wants to do comedy roles

We use cookies to give you the best possible experience. Learn more