കാൻ ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യൻ ചിത്രമായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് അടക്കം ഒരുപിടി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള നടിയാണ് കനി കുസൃതി. ചെറിയ കഥാപാത്രങ്ങളിലൂടെ തന്റെ കരിയർ തുടങ്ങിയ കനി ചെറുതും വലുതുമായ ഒരുപാട് സിനിമകളിൽ ഭാഗമായിട്ടുണ്ട്.
എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത് മഹേഷ് ബാബു, എസ്.ജെ.സൂര്യ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു സ്പൈഡർ. ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രത്തെ കനിയും അവതരിപ്പിച്ചിട്ടുണ്ട്. മികച്ച അഭിപ്രായവും പുരസ്‌ക്കാരവുമെല്ലാം നേടിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തന്നെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചത് കൊമേഴ്‌സ്യല്‍ സിനിമകളിലാണെന്ന് പറയുകയാണ് കനി കുസൃതി.
സ്‌പൈഡറില്‍ വെറും മൂന്ന് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കനി കുസൃതി പറഞ്ഞു. എന്നാല്‍ ആ സിനിമയില്‍ അഭിനയിച്ചതാണ് പലരും ശ്രദ്ധിച്ചതെന്നും കുറേപ്പേര്‍ ആ സിനിമയെപ്പറ്റി സംസാരിക്കാറുണ്ടെന്നും കനി കൂട്ടിച്ചേര്‍ത്തു. സ്റ്റേറ്റ് അവാര്‍ഡ് നേടിത്തന്ന സിനിമയെക്കാള്‍ ആളുകള്‍ ശ്രദ്ധിക്കുന്നത് കൊമേഴ്‌ഷ്യല്‍ സിനിമയിലാണെന്നും കനി കുസൃതി പറഞ്ഞു. കൊമേഴ്‌സ്യല്‍ സിനിമയുടെ പവർ അന്നാണ് തിരിച്ചറിഞ്ഞതെന്നും കനി കൂട്ടിച്ചേർത്തു.
‘എന്നെ കൂടുതലാളുകൾ തിരിച്ചറിഞ്ഞ ഒരു അനുഭവമുണ്ട്. ആകെ രണ്ടുമൂന്ന് സീനുകളിലെ വന്നിട്ടുള്ളൂ. തമിഴിലും തെലുങ്കിലുമെല്ലാം ഇറങ്ങിയ സിനിമയാണ്. സ്‌പൈഡര്‍ എന്നൊരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എ.ആര്‍. മുരുകദോസാണ് അത് ഡയറക്ട് ചെയ്തത്. ആകെ മൂന്ന് സീന്‍ മാത്രമേയുള്ളൂ. പക്ഷേ ആളുകള്‍ കാണുമ്പോള്‍ കൂടുതലും സംസാരിക്കുന്നത് ആ സിനിമയെക്കുറിച്ചാണ്. ആ സിനിമ ഇറങ്ങിയപ്പോഴാണ് ഏറ്റവും കൂടുതൽ ആളുകൾ എന്നെ തിരിച്ചറിഞ്ഞത്.
ഒരു കൊമേഴ്‌ഷ്യല്‍ സിനിമയുടെ പവർ അപ്പോഴാണ് എനിക്ക് മനസിലായത്. സ്റ്റേറ്റ് അവാർഡ് കിട്ടുമ്പോൾ ആളുകൾ തിരിച്ചറിയുന്നതിനേക്കാൾ ഒരു സിനിമയിലൂടെ പ്രേക്ഷകർ നമ്മളെ തിരിച്ചറിയുന്നു. അതായത് അധികമൊന്നുമില്ല, ഒരു ചെറിയ വേഷത്തിലൂടെ ആളുകൾക്ക് നമ്മളെ മനസിലാവും. പ്രേക്ഷകർ നന്നായി ശ്രദ്ധിക്കുന്ന ഒരു സിനിമയിൽ അഭിനയിച്ചാൽ മതി.
നമ്മൾ അതിനേക്കാൾ വർക്ക് ഒരു അഭിനേതാവ് എന്ന നിലയിൽ മറ്റ് സിനിമകളിൽ ചെയ്തിട്ടുണ്ടാവും, പക്ഷെ ആളുകൾ അത് കാണണമെന്ന് നിർബന്ധമില്ല. പോപ്പുലർ സിനിമയിൽ അഭിനയിച്ചാൽ കാണും. അല്ലാതെ അവാർഡ് കിട്ടിയത് കാര്യമുണ്ടെന്ന് തോന്നുന്നില്ല,’കനി കുസൃതി പറയുന്നു.
Content Highlight: Kani Kusruthi About Mahesh Babu’s Spyder Movie