ചെറിയ റോളുകളിലൂടെ വന്ന് ഇന്ന് മലയാളസിനിമക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത അഭിനേത്രിയാണ് കനി കുസൃതി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന കനി ഓള്‍ വീ ഇമാജിന്‍ഡ് ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
2020ല്‍ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കനി സ്വന്തമാക്കിയിരുന്നു. മുഖ്യധാരാസിനിമകളിൽ മാത്രമേ താൻ അഭിനയിച്ചിട്ടുള്ളൂവെന്ന് പറയുകയാണ് കനി. താൻ അഭിനയിച്ച കേരള കഫേ, ശിക്കാർ, കോക്ടെയിൽ തുടങ്ങിയ സിനിമകളെല്ലാം അങ്ങനെയുള്ള സിനിമകളാണെന്നും തന്റെ പൊട്ടെൻഷ്യൽ കാണിക്കാൻ കഴിയുന്ന അധികം സിനിമകൾ കിട്ടാറില്ലെന്നും കനി പറയുന്നു.
നടിയെന്ന നിലയിൽ എൻ്റെ പൊട്ടെൻഷ്യൽ സാക്ഷാത്കരിക്കുന്ന കഥാപാത്രങ്ങളെ കിട്ടാറില്ല
– കനി കുസൃതി
ചില സംവിധായകരോട് ഓഡിഷന് പങ്കെടുക്കട്ടെയെന്ന് ചോദിച്ചാൽ തന്റെ ഇമേജ് എങ്ങനെയാണെന്ന് അവർക്ക് അറിയാമെന്ന് പറയുമെന്നും പണം അത്യാവശ്യമുള്ള സമയമാണെങ്കിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് പോലുള്ള വാദ പ്രതിവാദങ്ങൾക്ക് താൻ നിൽക്കാറില്ലെന്നും കനി കൂട്ടിച്ചേർത്തു.
‘ഞാൻ മുഖ്യധാരാസിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ബിരിയാണി മാത്രമാണ് വേറിട്ടു നിൽക്കുന്നത്. കേരളാകഫേ, ശിക്കാർ, കോക്ടെയിൽ ഒക്കെ അങ്ങനെയാണ്. പക്ഷെ നടിയെന്ന നിലയിൽ എൻ്റെ പൊട്ടെൻഷ്യൽ സാക്ഷാത്കരിക്കുന്ന കഥാപാത്രങ്ങളെ കിട്ടാറില്ല. അടുത്തു ചെയ്‌ത പട കമേഴ്സ്യൽ മൂവി ആണ്. ബിരിയാണിക്ക് അവാർഡ് കിട്ടിയതുകൊണ്ട് അവാർഡ് സിനിമ എന്നു വിളിക്കപ്പെട്ടേക്കാം.
ആളുകൾക്ക് കനി എന്തോ അങ്ങനെയേ അഭിനയിക്കൂ എന്നൊരു ധാരണയുണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ അഞ്ചാറു വർഷമായി കുറച്ചു നല്ല മലയാളം സിനിമകളുണ്ട്. അതിന്റെ ഓഡിഷന് ഞാൻ വരട്ടെ എന്ന് പറയുമ്പോൾ സംവിധായകർ, കനിയെ ഞങ്ങൾക്കറിയാം, കനിയ്ക്ക് ഒരു ഇമേജുണ്ട്, എന്നൊക്കെ പറയും. ആരും ഓഡിഷന് വിളിക്കുന്നില്ല, കാസ്‌റ്റ് ചെയ്യും മുമ്പേ ഓപ്പൺ ആയി ഓഡിഷന് ഇരുന്നുകൂടെ, അതിനെന്താ സമ്മതിക്കാത്തത് എന്നു തോന്നാറുണ്ട്.
ആർട്ടിസ്‌റ്റ് എന്ന നിലയിൽ അത്രയും ചോയ്‌സുള്ള സ്ഥലത്തല്ല ഞാനുള്ളത്. എങ്കിലും സഹിക്കാൻ വയ്യാത്തതുകൊണ്ട് വേണ്ടെന്നു വെച്ച സിനിമകളുമുണ്ട്. പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒക്കെ നോക്കണമെങ്കിൽ സിനിമയുടെ കഥ മുഴുവൻ കേൾക്കണം. അത്തരം അവസരങ്ങൾ തന്നെ കുറവാണ്. മുഴുനീളൻ കഥാപാത്രമല്ലെങ്കിൽ കഥ ചോദിച്ചാൽ അതൊക്കെ അറിഞ്ഞാലേ നീ അഭിനയിക്കൂ എന്ന് നമ്മളെ കളിയാക്കും. പണം അത്യാവശ്യമുള്ള സമയമായിരിക്കും. അപ്പോൾ വാദപ്രതിവാദങ്ങൾക്കൊന്നും സ്പേസില്ല,’കനി കുസൃതി പറയുന്നു.
Content Highlight: Kani Kusruthi About Her Films And Career