കഴിഞ്ഞ ദിവസമാണ് കാൻ ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രീ പുരസ്‌കാരം ഇന്ത്യൻ ചിത്രമായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് കാൻ ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രീ പുരസ്‌കാരം ഇന്ത്യൻ ചിത്രമായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം സ്വന്തമാക്കിയത്.
പായൽ കാപാഡിയയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇന്ത്യൻ ചിത്രം എന്നതിനുപരി കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട് എന്നീ അഭിനേതാക്കളുടെ ചിത്രത്തിലെ സാന്നിധ്യമാണ് മലയാളികൾ വലിയ ആഘോഷമാക്കിയത്.
കാനിൽ തിളങ്ങിയതിന്റെ പ്രശംസകൾക്കിടയിലും ബിരിയാണി എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ ഇന്നും വിമർശനങ്ങൾ നേരിടുന്ന നടിയാണ് കനി കുസൃതി. എന്നാൽ കയ്യിൽ അഞ്ചു പൈസ ഇല്ലാതിരുന്നപ്പോഴാണ് താൻ ആ ചിത്രം ചെയ്യുന്നതെന്നും രാഷ്ട്രീയപരമായ ഒരുപാട് വിയോജിപ്പുകളുള്ള ചിത്രമാണ് ബിരിയാണിയെന്നും കനി കുസൃതി പറയുന്നു.
തനിക്ക് മനസ്സുകൊണ്ട് ചെയ്യാൻ തോന്നാത്ത സിനിമയായിരുന്നു അതെന്നും എന്നാൽ മൂവായിരം രൂപ മാത്രം കയ്യിൽ ഉണ്ടായിരുന്ന തനിക്ക് ആ ചിത്രത്തിന്റെ പ്രതിഫലം വളരെ വലുതായിരുന്നുവെന്നും കനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബിരിയാണിയിൽ അഭിനയിച്ചത് കൊണ്ട് മാത്രം കനിയെ വിലകുറച്ചു കാണുന്നവരുണ്ടോയെന്നും ഇസ്ലാമോഫോബിക്ക് ആണോയെന്നുമുള്ള വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘കയ്യിൽ അഞ്ചു പൈസയില്ലാതെ ഇരിക്കുമ്പോഴാണ് സജിൻ എന്റെയടുത്തേക്ക് ബിരിയാണിയുടെ കഥയുമായി വരുന്നത്. എന്നിട്ടും അത് വായിച്ചിട്ട് ഞാൻ പറഞ്ഞു എനിക്കിതിനോട് പല വിയോജിപ്പുമുണ്ട്. രാഷ്ട്രീയപരമായെല്ലാം വിയോജിപ്പ് ഉണ്ടായിരുന്നു. സജിൻ വേറേ നടിമാരെ തിരയു, ആരെയും കിട്ടിയില്ലെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതി. എനിക്ക് മനസ് കൊണ്ട് ചെയ്യാൻ തോന്നാത്ത സിനിമയായിരുന്നു അത്.
എനിക്ക് പൈസക്ക് അത്രയും ആവശ്യമുണ്ടായിരുന്നു. അപ്പോൾ സജിൻ പറഞ്ഞു, അവനൊരു മുസ്‌ലിം പിന്നോക്ക വിഭാഗത്തിൽ നിന്ന് വരുന്ന ആളാണെന്ന്. പക്ഷെ ഞാൻ അല്ല. സജിന് ആ കഥ പറയാനുള്ള അവകാശമുണ്ട്. പക്ഷെ അത് തെരഞ്ഞെടുക്കണോയെന്നത് എന്റെ ഇഷ്ടമാണല്ലോ. അപ്പോഴും ഞാൻ വേറേ ഒരാളെ നോക്കു എന്ന് പറയുന്നുണ്ട്.
അങ്ങനെ ഞാൻ വേണ്ടായെന്ന് വെച്ച് രണ്ട് മൂന്ന് മാസം സജിൻ വേറേ അഭിനേതാക്കളുടെ അടുത്തൊക്കെ പോയി. പക്ഷെ അവരുടെ രാഷ്ട്രീയ പ്രശ്നങ്ങൾ കൊണ്ടൊന്നുമല്ല അവർ ഈ സിനിമ ചെയ്യാതിരുന്നത്. ചിത്രത്തിലെ ന്യൂഡായിട്ടുള്ള സീനുകൾ ചെയ്യാൻ ചില നടിമാർക്ക് പ്രയാസമുണ്ടെന്ന് പറഞ്ഞു.
ചിലർക്ക് ചെയ്യാൻ ആഗ്രഹമുണ്ടായിട്ടും സജിന് അഭിനയം ഓക്കെ ആവാത്തത് കൊണ്ട് വീണ്ടും എന്റെ അടുത്തേക്ക് വന്നു. അപ്പോഴും ഞാൻ പറഞ്ഞത്, എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഞാൻ ഒരു തരത്തിലും ഭാഗമാവാൻ ആഗ്രഹിക്കാത്ത ഒരു സിനിമയാണ്. പക്ഷെ എന്റെ കയ്യിൽ അഞ്ചു പൈസയും ഇപ്പോൾ ഇല്ല.
എനിക്ക് തോന്നുന്നത് 70000 രൂപയെങ്ങാനുമാണ് അന്നവർ ഓഫർ ചെയ്തത്. എന്നെ സംബന്ധിച്ച് അതൊരു വലിയ പൈസ ആയിരുന്നു. എന്റെ കയ്യിൽ അന്നൊരു മൂവായിരം രൂപയെങ്ങാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്രയും പൈസ കിട്ടിയാൽ അത് നല്ലതല്ലേ എന്നോർത്താണ് ആ സിനിമ ചെയ്യുന്നത്,’കനി കുസൃതി പറയുന്നു.
Content Highlight: Kani Kusrthi Talk About Why She Choose Biriyani Movie