Entertainment
നീചമായ ആശയങ്ങൾ മാസ് എൻ്റർടെയ്‌നറുകളിൽ ആഘോഷിക്കപ്പെടുന്നതിൽ വിയോജിപ്പുണ്ട്: കനി കുസൃതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 06, 03:56 am
Thursday, 6th February 2025, 9:26 am

ചെറിയ റോളുകളിലൂടെ വന്ന് ഇന്ന് മലയാളസിനിമക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത അഭിനേത്രിയാണ് കനി കുസൃതി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന കനി ഓള്‍ വീ ഇമാജിന്‍ഡ് ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

2020ല്‍ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കനി സ്വന്തമാക്കിയിരുന്നു. നടിയെന്ന നിലയിൽ അത്രയും ചോയ്‌സുള്ള സ്ഥാനത്തല്ല താനുള്ളതെന്നും എന്നാൽ സഹിക്കാൻ കഴിയാത്തതിനാൽ ഉപേക്ഷിച്ച സിനിമകളുണ്ടെന്നും കനി പറയുന്നു.

എന്നാൽ പണം ആവശ്യമുള്ള സമയത്ത് വാദപ്രതിവാദങ്ങൾക്ക് താൻ നിൽക്കാറില്ലെന്നും എല്ലാ സിനിമകളും പൊളിറ്റിക്കലി കറക്ട് ആയിരിക്കണം എന്ന് നിർബന്ധമുള്ള ആർട്ടിസ്റ്റല്ല താനെന്നും കനി പറഞ്ഞു. കേരളത്തിൽ നിന്ന് തുടച്ചുനീക്കണമെന്ന് ആഗ്രഹിക്കുന്ന വളരെ നീചമായ ആശയങ്ങൾ മാസ് എൻ്റർടെയ്‌നറുകളിൽ ആഘോഷിക്കപ്പെടുന്നതിൽ വിയോജിപ്പുണ്ടെന്നും മറ്റുള്ളവരെ അവഹേളിക്കുന്ന കോമഡിയിലൂടെ തന്നെ മുഷിപ്പിച്ച ഒരുപാട് സിനിമകളുണ്ടെന്നും കനി കൂട്ടിച്ചേർത്തു.

വലിയ താരങ്ങൾ അഭിനയിക്കുന്ന മാസ് എൻ്റർടെയ്‌നർ സിനിമകളിലെ ആവിഷ്കാരങ്ങളിൽ ശ്രദ്ധ വേണം
– കനി കുസൃതി

‘ആർട്ടിസ്‌റ്റ് എന്ന നിലയിൽ അത്രയും ചോയ്‌സുള്ള സ്ഥലത്തല്ല ഞാനുള്ളത്. എങ്കിലും സഹിക്കാൻ വയ്യാത്തതുകൊണ്ട് വേണ്ടെന്നു വെച്ച സിനിമകളുമുണ്ട്. പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒക്കെ നോക്കണമെങ്കിൽ സിനിമയുടെ കഥ മുഴുവൻ കേൾക്കണം. അത്തരം അവസരങ്ങൾ തന്നെ കുറവാണ്. മുഴുനീളൻ കഥാപാത്രമല്ലെങ്കിൽ കഥ ചോദിച്ചാൽ അതൊക്കെ അറിഞ്ഞാലേ നീ അഭിനയിക്കു എന്ന് നമ്മളെ കളിയാക്കും. പണം അത്യാവശ്യമുള്ള സമയമായിരിക്കും. അപ്പോൾ വാദപ്രതിവാദങ്ങൾക്കൊന്നും സ്പേസില്ല.

 

എല്ലാ സിനിമകളും പൊളിറ്റിക്കലി കറക്ട് ആയിരിക്കണം എന്ന് നിർബന്ധമുള്ള ആർട്ടിസ്റ്റല്ല ഞാൻ. അങ്ങനെയല്ല കല എന്നും കരുതുന്നു. എന്നാൽ നമ്മുടെ നാട്ടിൽ സിനിമ വളരെ ശക്തമായ മാധ്യമമായതുകൊണ്ട് വലിയ താരങ്ങൾ അഭിനയിക്കുന്ന മാസ് എൻ്റർടെയ്‌നർ സിനിമകളിലെ ആവിഷ്കാരങ്ങളിൽ ശ്രദ്ധ വേണം. നമ്മുടെ നാട്ടിൽ നിന്ന് തുടച്ചുനീക്കണമെന്ന് ആഗ്രഹിക്കുന്ന വളരെ നീചമായ ആശയങ്ങൾ അത്തരം മാസ് എൻ്റർടെയ്‌നറുകളിൽ ആഘോഷിക്കപ്പെടുന്നതിൽ വിയോജിപ്പുണ്ട്.

ആക്ടർ എന്ന നിലയിൽ അല്ലാതെ തന്നെ, അത്തരം കാര്യങ്ങളിൽ നല്ല ബോധ്യത്തോട് കൂടിയാണ് ഞാൻ കുട്ടിക്കാലത്തെ വളർന്നത്. എന്നെ വളർത്തിയവരുടെ, മൈത്രേയൻറെയും ജയശ്രീചേച്ചിയുടെയും പ്രത്യേകത കൊണ്ടാകാം. കുട്ടിക്കാലത്തേ, അവഹേളിക്കുന്നതു പോലുള്ള കോമഡി കണ്ടാൽ എനിക്ക് ചിരി വരാറില്ല.

കറുത്ത ചർമ്മമുള്ള നടനെയോ നടിയെയോ അതുപറഞ്ഞ് കളിയാക്കുന്നു, അല്ലെങ്കിൽ അവർ തന്നെ അത് സ്വയം പറയുന്നു. ഇതൊക്കെ തന്നെ നമ്മുടെ സ്‌കൂളുകളിലും പ്രതിഫലിക്കുന്നു. ആണുങ്ങൾ പെൺവേഷം കെട്ടുന്നതിന് ചിരി പെണ്ണ് ആണാവുന്നതിന് ചിരി. അങ്ങനെ മുഷിപ്പിച്ച ധാരാളം സിനിമകളുണ്ട്,’കനി കുസൃതി പറയുന്നു.

Content Highlight: Kani Kusrthi About Humors And Political Correctness In Mass Movies