കനി കുസൃതി എന്ന ആര്‍ട്ടിസ്റ്റിന് പ്രൊഫഷണലായി തിളങ്ങാന്‍ കഴിഞ്ഞ വര്‍ഷമാണ് 2024. കനി പ്രധാന വേഷത്തിലെത്തിയ ‘ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്’ എന്ന ചിത്രം ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. കനി കുസൃതിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’ പ്രൈം വീഡിയോയില്‍ മികച്ച അഭിപ്രായങ്ങളോടെ സ്ട്രീമിങ് തുടരുകയാണ്.
എന്നാല്‍ താനൊരു ആവറേജ് ആക്ടര്‍ ആണെന്നും അഭിനയിക്കുമ്പോള്‍ സന്തോഷിക്കുന്നില്ലെന്നും പറയുകയാണ് കനി കുസൃതി. അഭിനയത്തിന് പുറമെയുള്ള കാര്യങ്ങളിലാണ് താന്‍ സന്തോഷവതിയെന്നും നടി കൂട്ടിച്ചേര്‍ത്തു. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു കനി കുസൃതി.
‘ജീവിച്ച രീതിയില്‍, ജീവിക്കുന്ന രീതിയില്‍ ഞാന്‍ കേരളത്തില്‍ ഫെയ്മസാണ്. ഞാനും എന്റെ മാതാപിതാക്കളും ഒരിക്കലും ഒരു കാര്യത്തെ കുറച്ച് സംസാരിക്കാന്‍ നാണിച്ച് നിന്നിട്ടില്ല. അതുകൊണ്ടുതന്നെ സ്ത്രീകളും പെണ്‍കുട്ടികളും എന്റെ അടുത്ത് വന്ന് ഞാന്‍ പറഞ്ഞത് അവരുടെ ജീവിതത്തെ മാറ്റിമറിച്ചുവെന്ന് പറയാറുണ്ട്. ഞാന്‍ അതില്‍ ഇടക്കൊക്കെ അഭിമാനിക്കാറുണ്ട്. എന്നാല്‍ അഭിനയത്തെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ അഭിമാനിച്ചിട്ടില്ല.
എന്റെ സിനിമകളില്‍ ഞാന്‍ സന്തോഷവതിയാണോ എന്ന് ചോദിച്ചാല്‍ ഈ ചിത്രങ്ങള്‍ രണ്ടും ഒരാളുടെ യാത്രയല്ല, സിനിമ ഒരു വലിയ കൂട്ടം ആളുകളുടെ സൃഷ്ടിയാണ്. നിങ്ങള്‍ അഭിനേതാക്കളെയാണ് സിനിമയുടെ മുഖമായി കാണുന്നത്. എന്നാല്‍ ഒരുപാട് ആളുകള്‍ സിനിമക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് സിനിമകളിലും സന്തോഷം പങ്കിടാന്‍ ഇത് ഒരു വ്യക്തിഗത യാത്രയല്ല. ഒരുപാട് ആളുകളുടെ കഠിനാധ്വാനം ഉള്ളതാണ്.
സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ഒരു ആവറേജ് ആക്ടര്‍ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം അഭിനയം ഒരിക്കലും എന്റെ പാഷന്‍ അല്ല. സാഹചര്യങ്ങളാണ് എന്നെ അഭിനേത്രിയാക്കിയത്. എന്നാലും ഞാന്‍ എന്റെ പരമാവധി ചെയ്യാന്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടേ ഇരിക്കുകയാണ്.
പക്ഷേ ആ യാത്രയില്‍ എനിക്ക് ചുറ്റും അതിശയിപ്പിക്കുന്ന അനവധി അഭിനേതാക്കളുണ്ട്. ആളുകള്‍ ഇഷ്ടപ്പെടുമ്പോഴോ, ഇഷ്ടപ്പെട്ടില്ലെങ്കിലോ അതൊന്നും എന്നെ ബാധിക്കുന്ന കാര്യമേ അല്ല. കാരണം എനിക്കറിയാം എന്റെ സ്ഥാനം എവിടെയാണെന്ന്. എന്നെക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്ന കഴിവുള്ള അഭിനേതാക്കളെ ഞാന്‍ എന്നും ബഹുമാനിക്കുന്നു.
അഭിനയത്തേക്കാള്‍ കൂടുതല്‍ ഞാന്‍ നന്നായി ചെയ്യുന്ന മറ്റ് കാര്യങ്ങള്‍ ഉണ്ട്. ഞാന്‍ ഒരു നല്ല അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ ആണെന്ന് തോന്നുന്നു. അതുകൊണ്ടുതന്നെ ഞാന്‍ അത് കൂടുതല്‍ ആസ്വദിക്കുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ അഭിനയത്തില്‍ നിന്ന് എനിക്ക് അത്ര സന്തോഷം ലഭിക്കുന്നില്ല,’ കനി കുസൃതി പറഞ്ഞു.
Content Highlight: Kani Kusriti Says Acting Is Not Her Passion And She Is An Average Actor