| Thursday, 4th April 2019, 5:06 pm

പത്തു ദിവസത്തിനുള്ളില്‍ രാജ്യത്തെ ജനങ്ങള്‍ കനയ്യയ്ക്ക് നല്‍കിയത് 65 ലക്ഷത്തിലധികം രൂപ; കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങ് വന്‍ വിജയത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ബിഹാറിലെ ബെഗുസരായില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങ് വന്‍ വിജയത്തിലേക്ക്. ആരംഭിച്ച് കേവലം പത്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഉദ്ദേശിച്ച തുകയുടെ 93 ശതമാനവും ശേഖരിക്കാന്‍ കനയ്യയുടെ ക്യാമ്പയ്‌നിന് സാധിച്ചു.

24 ദിവസം ശേഷിക്കെ 65,14,235 രൂപ കനയ്യ കുമാറിന് വേണ്ടി സംഭാവനയായി ലഭിച്ചു കഴിഞ്ഞു. മഹേശ്വര്‍ പേരി എന്ന വ്യക്തിയാണ് ഏറ്റവും അധികം തുക നല്‍കിയിരിക്കുന്നത്.  5,00,000 രൂപയാണ് പേരി കനയ്യയുടെ ക്രൗഡ് ഫണ്ടിലേക്ക് നല്‍കിയത്. രാജ്യത്ത് ഉയര്‍ന്നു വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ ജനങ്ങള്‍ ഒരോരുത്തരും ഒന്നിച്ച് പോരാടണം എന്നാണ് കനയ്യയുടെ ആവശ്യം.

വോട്ടു ചോദിക്കുന്നതിനോടൊപ്പം തനിക്ക് തെരഞ്ഞെടുപ്പിനാവശ്യമായ ഫണ്ടും ലഭ്യമാക്കണമെന്ന് കനയ്യ അണികളോട് ആവശ്യപ്പെടുകയായിരുന്നു.”സുഹൃത്തുക്കളേ, നിങ്ങള്‍ക്കറിയാമല്ലോ, തെരഞ്ഞെടുപ്പിന് വോട്ടു ലഭിക്കാനുള്ള ഓട്ടത്തില്‍ പലരും ജനാധിപത്യത്തെ മുറിവേല്‍പ്പിക്കുകയും ഭരണഘടനയെ അപകടത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഈ സമയത്ത് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ രാജ്യത്തെ ജനങ്ങള്‍ ഒരുമിച്ച് നിന്ന് പോരാടണം. നിങ്ങള്‍ എല്ലാവരും സാമ്പത്തികമായുള്ള സംഭാവനകള്‍ നല്‍കി ഈ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നു” എന്നായിരുന്നു കനയ്യ അണികളോട് അഭ്യര്‍ത്ഥിച്ചത്.

ഔര്‍ ഡെമോക്രസി എന്ന കൂട്ടായ്മയാണ് തുക പിരിക്കുന്നത്. ഇവരുടെ വെബ്‌സൈറ്റ് വഴിയാണ് പണം നല്‍കേണ്ടത്. 70,00,000രൂപയാണ് ടാര്‍ഗറ്റ് വച്ചിരിക്കുന്നത്. ആദ്യമണിക്കൂറുകളില്‍ തന്നെ ടാര്‍ഗറ്റ് ചെയ്തതിന്റെ പകുതിയും സംഭാവനയായി കനയ്യയ്ക്ക് ലഭിച്ചു കഴിഞ്ഞിരുന്നു.

Also Read കനയ്യയുടെ ക്രൗഡ് ഫണ്ടിങ്ങിന് ആദ്യ മണിക്കൂറില്‍ ലഭിച്ചത് 30 ലക്ഷത്തിലധികം രൂപ

കനയ്യയുടെ അഭ്യര്‍ത്ഥന മാനിച്ച് നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. കനയ്യയ്ക്ക് പിന്തുണയര്‍പ്പിച്ച് ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി ഫേസ്ബുക്കില്‍ കുറിച്ചത്, “ജെ.എന്‍.യു പ്രസിഡന്റ് എന്നതില്‍ നിന്നും, ഒരു പരിപൂര്‍ണ നേതാവെന്ന നിലയില്‍ കനയ്യ വളര്‍ന്നു വന്ന രീതി പ്രശംസനീയമാണ്. നിരന്തരം ശബ്ദം ഉയര്‍ത്തുന്ന, ആഖ്യാനങ്ങള്‍ കുറിക്കുന്നതിന് പുതിയ മാനങ്ങള്‍ നല്‍കിയ കനയ്യയെ എനിക്ക് പാര്‍ലമെന്റില്‍ കാണണം” എന്നായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബെഗുസാരായില്‍ കനയ്യക്കെതിരെ മത്സരിക്കാനിരുന്നത് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗ് ആയിരുന്നു. എന്നാല്‍ അദ്ദേഹം കനയ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ ബെഗുസാരയില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു.

Also Read കനയ്യയെ എനിക്ക് പാര്‍ലമെന്റില്‍ കാണണം; കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആഹ്വാനം ചെയ്ത് ജിഗ്‌നേഷ് മേവാനി

ബെഗുസാരായില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായ കനയ്യയെ പിന്തുണക്കാമെന്ന് ആര്‍.ജെ.ഡി നേരത്തെ പറഞ്ഞിരുന്നങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു. ഇടതുപാര്‍ട്ടികളായ സി.പി.എമ്മിനും സി.പി.ഐയ്ക്കും ആര്‍.ജെ.ഡി നേതൃത്വത്തലുള്ള മഹാസഖ്യം ഒരു സീറ്റ് പോലും നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായി കനയ്യയെ സി.പി.ഐ പ്രഖ്യാപിച്ചത്.

സി.പി.ഐയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ബെഗുസാരായി നേരത്തെ സി.പി.ഐ ജയിച്ചിട്ടുള്ള മണ്ഡലം കൂടിയാണ്. ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്നാണ് ബെഗുസാരായി അറിയപ്പെട്ടിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more