തൃശൂര്‍: ഭാരത് ജോഡോ യാത്രക്കിടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. കസവുകര മുണ്ടും മേല്‍മുണ്ടും ധരിച്ച് ക്ഷേത്രത്തിലെത്തിയതിന്റെ ചിത്രങ്ങള്‍ കനയ്യ കുമാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.
മുന്‍ കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സി.എസ്. സൂരജ് എന്നിവര്‍ക്കൊപ്പമാണ് കനയ്യ ഗുരുവായൂരിലെത്തിയത്.
തൃശൂരിലൂടെയാണ് ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കടന്നുപോകുന്നത്. ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങള്‍ ദിവസവും കനയ്യ കുമാര്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കാറുണ്ട്.
നേരത്തെ ഭാരത് ജോഡോ യാത്രക്കിടെ മലയാളത്തില്‍ മുദ്രാവാക്യം വിളിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ വൈറലായിരുന്നു. ‘ജനാധിപത്യം പുലരട്ടെ, മതേതരത്വം പുലരട്ടെ,.മോദി സര്‍ക്കാര്‍ തുലയട്ടേ, അഭിവാദ്യങ്ങള്‍…അഭിവാദ്യങ്ങള്‍… രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യങ്ങള്‍’ എന്നായിരുന്നു കനയ്യ വിളിച്ച മുദ്രാവാക്യം.
ഇടതുപക്ഷ വിദ്യാര്‍ത്ഥി നേതാവായി ജെ.എന്‍.യുവില്‍ നിന്നും വളര്‍ന്നുവന്ന കനയ്യ കുമാര്‍, വിദ്യാഭ്യാസ കാലത്തിന് ശേഷം, സി.പി.ഐയോടൊപ്പമായിരുന്നു പ്രവര്‍ത്തിച്ചത്. ബീഹാര്‍ സ്വദേശിയായ കനയ്യയുടെ പ്രവര്‍ത്തനമണ്ഡലവും അവിടെ തന്നെയായിരുന്നു.
പിന്നീട് 2021 സെപ്റ്റംബറിലാണ് കനയ്യ കോണ്‍ഗ്രസിലെത്തുന്നത്. കോണ്‍ഗ്രസില്ലാതെ രാജ്യത്തിന് അതിജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞായിരുന്നു കനയ്യ കോണ്‍ഗ്രസിലേക്ക് മാറിയത്.
എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയ വാഗ്ദാനങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് കനയ്യ പാര്‍ട്ടി മാറ്റം നടത്തിയതെന്ന ആരോപണങ്ങളുമായി സി.പി.ഐ നേതാക്കള്‍ അന്ന് രംഗത്തെത്തിയിരുന്നു.
അതേസമയം ഭാരത് ജോഡോ യാത്ര കേരളത്തില്‍ പുരോഗമിക്കവേ കോണ്‍ഗ്രസിന്റെ തലപ്പത്ത് പ്രശ്‌നങ്ങള്‍ പുകയുകയാണ്. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ തര്‍ക്കം രൂക്ഷമായാതാണ് ഇപ്പോള്‍ നേതൃത്വത്തിന് തലവേദനയായിരിക്കുന്നത്.