| Saturday, 22nd December 2018, 9:58 am

കനയ്യകുമാറിനും ഉമര്‍ ഖാലിദിനും എതിരെ രാജ്യദ്രോഹത്തിന് കുറ്റപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരടക്കം 10 പേര്‍ക്കെതിരെ കുറ്റപത്രം. അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ ദല്‍ഹി പൊലീസ് രാജ്യദ്രോഹം ചുമത്തി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ഇവര്‍ക്ക് പുറമേയുള്ളവര്‍ ജെ.എന്‍.യു, ജാമിഅ മില്ലിയ, അലീഗഢ് മുസ്‌ലിം സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠിക്കുന്ന കശ്മീരില്‍നിന്നുള്ള വിദ്യാര്‍ഥികളാണ്. സംഭവം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനുശേഷം തയാറാക്കിയ കുറ്റപത്രം പാട്യാല ഹൗസ് കോടതിയില്‍ ഉടനെ സമര്‍പ്പിക്കും.


2016 ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യു കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന എ.ബി.വി.പിയുടെ പരാതിയിലാണ് പൊലീസ് നടപടി.

നേരത്തെ ഷെഹ്‌ല റാഷിദ് അടക്കം 32 പേര്‍ക്കെതിരെയാണ് കേസെടുത്തതെന്നും എന്നാല്‍ വ്യക്തമായ തെളിവില്ലാത്തതിനാല്‍ മറ്റുള്ളവരെ ഒഴിവാക്കുകയായിരുന്നുവെന്നും ദല്‍ഹി പൊലീസ് പറഞ്ഞു. നിലവില്‍ കുറ്റപത്രം തയ്യാറാക്കിയവര്‍ക്കെതിരെ ഫോറന്‍സിക് തെളിവുകളടക്കം ലഭിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് ഭാഷ്യം.

ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അച്ചടക്ക നടപടി സീകരിച്ച സര്‍വകലാശാലയുടെ നടപടി ജെ.എന്‍.യു അപ്പലേറ്റ് അതോറിറ്റി നേരത്തെ ശരിവെച്ചിരുന്നു. ഉമര്‍ഖാലിദിനെ ഒരു സെമസ്റ്ററില്‍ നിന്ന് നീക്കം ചെയ്യുകയും 20,000 രൂപ പിഴ ചുമത്തുകയും കനയ്യകുമാറിന് 10,000 രൂപ പിഴയും ചുമത്തുകയുമായിരുന്നു അച്ചടക്ക സമിതി ചെയ്തത്. അച്ചടക്ക നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.


തുടര്‍ന്ന് നടപടി റദ്ദാക്കിയ ജഡ്ജി വി.കെ. റാവു വിദ്യാര്‍ഥികളുടെ വാദം കേള്‍ക്കുകയും റെക്കോഡുകള്‍ പരിശോധിക്കാന്‍ അവസരം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആറാഴ്ച്ചക്കകം വിഷയത്തില്‍ പുതിയ തീരുമാനമെടുക്കാന്‍ അപ്പലേറ്റ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട പൊലീസ് കേസില്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

We use cookies to give you the best possible experience. Learn more