| Monday, 25th March 2019, 7:43 am

ഇന്ത്യക്കാരെ ഇടക്കിടെ പാകിസ്ഥാനിലേക്കയക്കുന്ന ഗിരിരാജ് സിങ്ങിന്റെ മൗലികവാദ നിലപാടുകള്‍ക്കെതിരെയാണ് എന്റെ പോരാട്ടം; കനയ്യ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെഗുസരായ്: ബി.ജെ.പി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിന്റെ മൗലികവാദത്തിനെതിരാണ് തന്റെ പോരാട്ടമെന്ന് ബിഹാറിലെ ബെഗുസരായില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍. കേന്ദ്ര മന്ത്രിയെന്നതിനെക്കാളുപരി ഇടക്കിടെ ഇന്ത്യക്കാരെ പാകിസ്ഥാനിലേക്കയക്കുന്ന ഗിരിരാജ് സിങ്ങ്, പാക് വിസാ മന്ത്രിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കനയ്യ കുമാര്‍ പരിഹസിച്ചു. ആര്‍.ജെ.ഡിയുടെ തന്‍വിര്‍ ഹസനുമായി ആയിരിക്കില്ല തന്റെ പോരാട്ടം എന്നും കുമാര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇടതുപക്ഷവും ആര്‍.ജെ.ഡിയും കോണ്‍ഗ്രസും മഹാസഖ്യം രൂപീകരിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ ഇടതു പക്ഷം തഴയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ ഇന്നലെയാണ് സി.പി.ഐ കനയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. എന്നാല്‍ സി.പി.ഐ മത്സരിക്കാത്ത ഇടങ്ങളില്‍ ആര്‍.ജെ.ഡിയെ പിന്തുണക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ വിഘടിക്കുന്നില്ലെന്ന് ഉറപ്പു വരുത്തലാണ് സി.പി.ഐയുടെ ലക്ഷ്യം.

Also Read ചവറ സരസന്‍, തെരുവം പറമ്പ് ബലാത്സംഗം, ചാപ്പകുത്തല്‍ പിന്നെ ഇപ്പോള്‍ ചെര്‍പ്പുളശ്ശേരിയും; ഇടതുപക്ഷത്തിനെതിരായ തെരഞ്ഞെടുപ്പ് കാലത്തെ കള്ളപ്രചരണങ്ങളെ കുറിച്ച് എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കനയ്യ കുമാര്‍ ബെഗുസരായില്‍ ഒരു വര്‍ഷത്തോളമായി പ്രചരണത്തിലാണ്. “ഗിരിരാജ് ബെഗുസരായില്‍ നിന്ന് മത്സരിക്കുമെന്ന തരത്തിലുള്ള സംസാരം ഉയര്‍ന്നു വന്നപ്പോള്‍ ഞാന്‍ ബെഗുസരായില്‍ തുടരാന്‍ തീരുമാനിച്ചു. ബെഗുസരായില്‍ അയാള്‍ വര്‍ഗീയ വെറി സൃഷ്ടിക്കില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു. ഇവിടെ നിന്ന് മത്സരിക്കാന്‍ താല്‍പര്യമില്ലാത്ത, ഈ മണ്ഡലം സന്ദര്‍ശിക്കുക പോലും ചെയ്യാത്ത ഗിരിരാജിനെ ബെഗുസരായിലെ ജനങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുമോ? എന്റെ പോരാട്ടം പാകിസ്ഥാന്റെ വിസാ മന്ത്രിയെ പോലെ പെരുമാറുന്ന, ഇന്ത്യക്കാരെ ഇടയ്ക്കിടെ പാകിസ്ഥാനിലേക്കയക്കുന്ന ഗിരിരാജിന്റെ മൗലികവാദത്തിനെതിരെയാണ്”- കനയ്യ കുമാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ആദര്‍ശവാദം സംസാരിക്കേണ്ട പ്രായമാണ് തന്റേതെന്നും, ഒരു കാരണവശാലും ജാതി രാഷ്ട്രീയത്തിലേക്ക് തിരിയില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു. തനിക്കെതിരെ അകാരണമായി രാജ്യദ്രോഹം കുറ്റം ചുമത്തപ്പെട്ട സമയത്ത് ബെഗുസരായിലെ ജനങ്ങള്‍ നല്‍കിയ പിന്തുണ താന്‍ ആസ്വദിച്ചതായും കനയ്യ പറഞ്ഞു.

Image Credits: PTI

We use cookies to give you the best possible experience. Learn more