| Tuesday, 2nd February 2021, 6:27 pm

ഹെലികോപ്ടറില്‍ റോന്തുചുറ്റുന്ന ആ ചതിയന്‍ കര്‍ഷകരെ കമ്പിവേലി വെച്ച് തടയുകയാണ്: മോദിക്കെതിരെ ആഞ്ഞടിച്ച് കനയ്യ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധക്കാര്‍ ദല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയാനായി അതിര്‍ത്തികള്‍ അടച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് കനയ്യ കുമാര്‍. ഹെലികോപ്ടറില്‍ റോന്ത് ചുറ്റുന്ന ചതിയന്‍ കമ്പിവേലികള്‍ ഉപയോഗിച്ച് കര്‍ഷകരെ തടയുകയാണെന്നാണ് കനയ്യ കുമാര്‍ പ്രതികരിച്ചത്.

‘ഹെലികോപ്ടറില്‍ റോന്തുചുറ്റുന്ന ചതിയന്‍ ട്രാക്ടര്‍ ഓടിച്ചെത്തുന്ന കര്‍ഷകര്‍ ദല്‍ഹിയിലേക്ക് കടക്കാതിരിക്കാന്‍ അതിര്‍ത്തികളില്‍ കമ്പിവേലികള്‍ വെച്ചടച്ചിരിക്കുകയാണ്,’ കനയ്യ കുമാര്‍ ട്വീറ്റ് ചെയ്തു. മോദിയെ പരാമര്‍ശിച്ചുകൊണ്ടുള്ള വിമര്‍ശന ട്വീറ്റ് ആയിരകണക്കിന് പേരാണ് ഷെയര്‍ ചെയ്തത്.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി തെരുവില്‍ പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍. ഇതുവരെയും കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ് നടത്തണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയുമായി പഞ്ചാബ് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ദല്‍ഹി പൊലീസ് കേസ് ചുമത്തിയ കര്‍ഷകര്‍ക്ക് നിയമസഹായം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. ഇതിനായി 70 അഭിഭാഷകരുടെ ഒരു സംഘത്തെ ദല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദല്‍ഹിയിലെ ട്രാക്ടര്‍ റാലിക്കിടെ കാണാതായ കര്‍ഷകരുടെ പ്രശ്നത്തില്‍ നേരിട്ട് ഇടപെടുമെന്നും ഈ വ്യക്തികള്‍ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹായത്തിനായി 112 എന്ന നമ്പറില്‍ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമരീന്ദര്‍ സിംഗ് ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kanhaiya Kumar slams Narendra Modi in farmers protest

We use cookies to give you the best possible experience. Learn more