| Saturday, 29th February 2020, 11:39 pm

'വിചാരണ ചെയ്യാനുള്ള നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം';കെജ്‌രിവാളിനെതിരെ കനയ്യ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്നെ വിചാരണ ചെയ്യാനുള്ള അനുമതി ദല്‍ഹി സര്‍ക്കാര്‍ നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളെന്ന് ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍. ദല്‍ഹി പൊലീസ് കഴിഞ്ഞ വര്‍ഷം ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചത് താന്‍ ലോക്ഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു. ഇപ്പോള്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും കെജ്‌രിവാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിക്കൊണ്ട് കനയ്യ പറഞ്ഞു.

‘പ്രോസിക്യൂഷന് സമ്മതം കൊടുത്ത സമയം ജനങ്ങള്‍ മനസിലാക്കണം. ഡല്‍ഹി പോലീസ് എനിക്കെതിരെ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചത് കഴിഞ്ഞ വര്‍ഷം ഞാന്‍ ലോകസഭ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു. ഇപ്പോള്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന്റെ മുമ്പായി എന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സമ്മതവും കൊടുത്തിരിക്കുന്നു. ബീഹാര്‍ എന്‍.ഡി.എ ഭരിക്കുന്ന ഒരു സംസ്ഥാനമാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി അവര്‍ ഓരോ കാര്യങ്ങളും ഉപയോഗിക്കുകയായിരുന്നു എന്ന് മനസിലാക്കാന്‍ സാധിക്കും. എനിക്കെതിരെയുള്ള കേസ് കരുതിവെക്കുകയായിരുന്നു’, കനയ്യ പറഞ്ഞു. ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് കനയ്യകുമാര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഈ കേസ് നീട്ടികൊണ്ടുപോവുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ‘ഈ കേസ് പ്രോസിക്യൂട്ട് ചെയ്യാന്‍ സമ്മതം കൊടുത്ത നിലയ്ക്ക് ഇത് അതിവേഗ കോടതിയില്‍ വിചാരണ ചെയ്യാന്‍ ഞാന്‍ ആവശ്യപെടുന്നു. ദേശദ്രോഹകുറ്റങ്ങള്‍ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്ന് ഈ രാജ്യത്തിലെ ജനങ്ങള്‍ മനസിലാക്കണം. ദല്‍ഹിയില്‍ വിദ്വേഷം പ്രസംഗം നടത്തിയ ആളുകള്‍ക്കെതിരെ ദേശദ്രോഹകുറ്റമില്ല പകരം എഫ്.ഐ.ആര്‍ ഇടാന്‍ ഓര്‍ഡര്‍ കൊടുത്ത ജഡ്ജിയെ രാത്രിക്ക് രാത്രി സ്ഥലം മാറ്റി’, അദ്ദേഹം പറഞ്ഞു.

‘ലഷ്‌ക്കര്‍-ഇ-തൊയ്ബ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയ ദേവീന്ദര്‍സിംഗിനെതിരെ രാജ്യദ്രോഹകുറ്റമില്ല. പക്ഷെ കര്‍ണ്ണാടകയിലെ എട്ടും പത്തും വയസുള്ള കുട്ടികള്‍ നടത്തിയ പരിപാടിയുടെ പേരില്‍ ദേശദ്രോഹകുറ്റം ചാര്‍ജ്ജ് ചെയ്തു. സത്യം സത്യമായും നുണ നുണയായും ജനങ്ങളുടെ മുന്നില്‍ തെളിയേണ്ടതുണ്ട്. ഞാന്‍ എന്റെ രാജ്യത്തിനെതിരെ ഒരു മുദ്രാവാക്യവും മുഴക്കിയിട്ടില്ല. രാജ്യത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി മാത്രമേ ഞാന്‍ മുദ്രവാക്യം മുഴക്കിയിട്ടുള്ളൂ’, കനയ്യകുമാര്‍ വ്യക്തമാക്കി.

ടെലിവിഷന്‍ കോടതിയിലല്ല ഭരണഘടനയുടെ കോടതിയില്‍ തന്നെ വിചാരണ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ആദ്യം മുതലേ പറയുന്നതാണ് കോടതിയില്‍ ഞാന്‍ വിശ്വസിക്കുന്നു. കോടതി നീതി ലഭ്യമാക്കും. സത്യം വിജയിക്കും. സത്യമേവ ജയതേ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസില്‍ കനയ്യകുമാര്‍ അടക്കമുള്ളവരെ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനെ വിമര്‍ശിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല ആംആദ്മി സര്‍ക്കാരെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം അഭിപ്രായപ്പെട്ടത്. കെജ് രിവാള്‍ തന്റെ ആത്മാവ് സാത്താന് വില്‍ക്കുകയാണെന്ന് ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട് വര്‍ധനും പ്രതികരിച്ചിരിന്നു.

2019 ജനുവരി 14നാണ് ദല്‍ഹി പൊലീസ് കനയ്യ കുമാറിനെതിരെ കുറ്റപത്രം ഫയല്‍ ചെയ്തത്. ജെ.എന്‍.യു വിദ്യാര്‍ത്ഥികളായിരുന്ന ഉമര്‍ ഖാലിദിനെതിരെയും അനിര്‍ബന്‍ ഭട്ടാചാര്യയുമടക്കം ഒന്‍പതു പേര്‍ക്കെതിരെയാണ് കുറ്റപത്രം ഫയല്‍ചെയതത്. 2016 ഫെബ്രുവരി 9ന് പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട അഫ്സല്‍ ഗുരുവിനെ തൂക്കികൊന്നതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു ക്യാംപസില്‍ നടത്തിയ മാര്‍ച്ചില്‍ ദേശവിരുദ്ധമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എന്ന് ആരോപിച്ച് പൊലീസ് കേസെടുത്തിരുന്നു.

2016ല്‍ വസന്ത് കുഞ്ച് പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 2016 ഫെബ്രുവരി 12ന് കനയ്യ കുമാറിനെ അറസ്റ്റു ചെയ്തിരുന്നു. ആ വര്‍ഷം മാര്‍ച്ച് മൂന്നിനാണ് കനയ്യ പുറത്തിറങ്ങിയത്.

അതേസമയം 2016ല്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം. നേരത്തെ 2016ല്‍ ജെ.എന്‍.യു അധ്യക്ഷനായിരുന്ന കനയ്യ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ ആരോപണത്തിന് അടിസ്ഥാനമാക്കിയിരുന്ന സീ ടിവി സംപ്രേഷണം ചെയ്ത വീഡിയോ ടേപ്പ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് വ്യാജ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മൂന്നു വാര്‍ത്താ ചാനലുകള്‍ക്കെതിരേ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more