ന്യൂദല്‍ഹി: തന്നെ വിചാരണ ചെയ്യാനുള്ള അനുമതി ദല്‍ഹി സര്‍ക്കാര്‍ നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളെന്ന് ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍. ദല്‍ഹി പൊലീസ് കഴിഞ്ഞ വര്‍ഷം ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചത് താന്‍ ലോക്ഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു. ഇപ്പോള്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും കെജ്‌രിവാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിക്കൊണ്ട് കനയ്യ പറഞ്ഞു.
‘പ്രോസിക്യൂഷന് സമ്മതം കൊടുത്ത സമയം ജനങ്ങള്‍ മനസിലാക്കണം. ഡല്‍ഹി പോലീസ് എനിക്കെതിരെ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചത് കഴിഞ്ഞ വര്‍ഷം ഞാന്‍ ലോകസഭ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു. ഇപ്പോള്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന്റെ മുമ്പായി എന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സമ്മതവും കൊടുത്തിരിക്കുന്നു. ബീഹാര്‍ എന്‍.ഡി.എ ഭരിക്കുന്ന ഒരു സംസ്ഥാനമാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി അവര്‍ ഓരോ കാര്യങ്ങളും ഉപയോഗിക്കുകയായിരുന്നു എന്ന് മനസിലാക്കാന്‍ സാധിക്കും. എനിക്കെതിരെയുള്ള കേസ് കരുതിവെക്കുകയായിരുന്നു’, കനയ്യ പറഞ്ഞു. ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് കനയ്യകുമാര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഈ കേസ് നീട്ടികൊണ്ടുപോവുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ‘ഈ കേസ് പ്രോസിക്യൂട്ട് ചെയ്യാന്‍ സമ്മതം കൊടുത്ത നിലയ്ക്ക് ഇത് അതിവേഗ കോടതിയില്‍ വിചാരണ ചെയ്യാന്‍ ഞാന്‍ ആവശ്യപെടുന്നു. ദേശദ്രോഹകുറ്റങ്ങള്‍ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്ന് ഈ രാജ്യത്തിലെ ജനങ്ങള്‍ മനസിലാക്കണം. ദല്‍ഹിയില്‍ വിദ്വേഷം പ്രസംഗം നടത്തിയ ആളുകള്‍ക്കെതിരെ ദേശദ്രോഹകുറ്റമില്ല പകരം എഫ്.ഐ.ആര്‍ ഇടാന്‍ ഓര്‍ഡര്‍ കൊടുത്ത ജഡ്ജിയെ രാത്രിക്ക് രാത്രി സ്ഥലം മാറ്റി’, അദ്ദേഹം പറഞ്ഞു.
‘ലഷ്‌ക്കര്‍-ഇ-തൊയ്ബ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയ ദേവീന്ദര്‍സിംഗിനെതിരെ രാജ്യദ്രോഹകുറ്റമില്ല. പക്ഷെ കര്‍ണ്ണാടകയിലെ എട്ടും പത്തും വയസുള്ള കുട്ടികള്‍ നടത്തിയ പരിപാടിയുടെ പേരില്‍ ദേശദ്രോഹകുറ്റം ചാര്‍ജ്ജ് ചെയ്തു. സത്യം സത്യമായും നുണ നുണയായും ജനങ്ങളുടെ മുന്നില്‍ തെളിയേണ്ടതുണ്ട്. ഞാന്‍ എന്റെ രാജ്യത്തിനെതിരെ ഒരു മുദ്രാവാക്യവും മുഴക്കിയിട്ടില്ല. രാജ്യത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി മാത്രമേ ഞാന്‍ മുദ്രവാക്യം മുഴക്കിയിട്ടുള്ളൂ’, കനയ്യകുമാര്‍ വ്യക്തമാക്കി.
ടെലിവിഷന്‍ കോടതിയിലല്ല ഭരണഘടനയുടെ കോടതിയില്‍ തന്നെ വിചാരണ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ആദ്യം മുതലേ പറയുന്നതാണ് കോടതിയില്‍ ഞാന്‍ വിശ്വസിക്കുന്നു. കോടതി നീതി ലഭ്യമാക്കും. സത്യം വിജയിക്കും. സത്യമേവ ജയതേ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.