തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് നേതാവ് കനയ്യകുമാര്‍. ‘ജനാധിപത്യം പുലരട്ടെ, മതേതരത്വം പുലരട്ടെ…, മോദി സര്‍ക്കാര്‍ തുലയട്ടെ…, അഭിവാദ്യങ്ങള്‍.. അഭിവാദ്യങ്ങള്‍… രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യങ്ങള്‍’ എന്നാണ് കനയ്യ കുമാര്‍ വിളിച്ചത്. കനയ്യ വിളിച്ച് കൊടുക്കുന്ന മുദ്രാവാക്യമാണ് യാത്രാംഗങ്ങള്‍ ഏറ്റുവിളിച്ചത്.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് അടക്കമുള്ള നേതാക്കള്‍ ആവേശത്തോടെ മുദ്രാവാക്യം ഏറ്റുവിളിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പാറശ്ശാലയില്‍ നിന്നാണ് ആരംഭിച്ചത്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നെല്‍ക്കതിരും ഇളനീരും നല്‍കിയാണ് സംഘത്തെ സ്വീകരിച്ചത്.
കാമരാജ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് യാത്രയ്ക്ക് തുടക്കമായത്. 11 മണിക്ക് നെയ്യാറ്റിന്‍കരയില്‍ അവസാനിച്ച യാത്ര വൈകിട്ട് 4ന് വീണ്ടും പര്യടനം തുടര്‍ന്നു.
അതേസമയം, കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര എതിരാളികളെ വിറളി പിടിപ്പിച്ചിട്ടുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ യാത്ര എതിരാളികളെ ചൊടിപ്പിച്ചത് കൊണ്ടാണ് രാഹുല്‍ ധരിച്ച ടീ ഷര്‍ട്ടും ബനിയനും ചൂണ്ടിക്കാട്ടി വിവാദം ഉയര്‍ത്തുന്നതെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. ഇതാണോ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ചെയ്യേണ്ടതെന്നും ഭാരത് ജോഡോ യാത്രക്ക് നല്‍കിയ സ്വീകരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.
തിങ്കളാഴ്ച തിരുവനന്തപുരം നഗരത്തിലാണ് ജോഡോ യാത്രയുടെ പര്യടനം. സംസ്ഥാനത്ത് പതിനെട്ട് ദിവസം പര്യടനം നടത്തുന്ന യാത്ര 29ന് നിലമ്പൂര്‍ വഴി കര്‍ണാടകയില്‍ പ്രവേശിക്കും. 150 ദിവസം 3,751 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര ജമ്മു കശ്മീരില്‍ സമാപിക്കുക.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ദിഗ് വിജയ് സിങ്, ജയറാം രമേശ് എന്നിവര്‍ മുഴുവന്‍ സമയം ജാഥയെ അനുഗമിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള പടപുറപ്പാട് എന്നാണ് കോണ്‍ഗ്രസ് യാത്രയെ വിശേഷിപ്പിക്കുന്നത്.