ബീഹാര്‍: ബീഹാറില്‍ ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയെ തോല്‍പ്പിക്കുകയെന്നതാണ് ഇടതുപക്ഷത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സി.പി.ഐ നേതാവ് കനയ്യ കുമാര്‍. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സമാനമായ മതേതര ജനാധിപത്യ പുരോഗമന ശക്തികളുമായി യോജിക്കണമെന്നതാണ് സി.പി.ഐയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയെ തോല്‍പ്പിക്കണമെങ്കില്‍ ഒരു പൊതുമിനിമം പരിപാടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയെ തോല്‍പിക്കണമെങ്കില്‍, ബീഹാറില്‍ ഒരു പൊതുമിനിമം പരിപാടി ആവശ്യമാണ്. അതിനായി മറ്റ് മതേതര പാര്‍ട്ടികളുമായി യോജിക്കണം. വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകളെ ചെറുക്കാന്‍ ഒരു മതേതര-പുരോഗമന-ജനാധിപത്യം രൂപപ്പെടണമെന്ന് കേരളത്തില്‍ നടന്ന സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തി. അതിന് ഇടത് പാര്‍ട്ടികള്‍ മുന്‍കയ്യെടുക്കണം. ബി.ജെ.പിയെ പരാജയപ്പെടുത്താനായി ഇടതുപാര്‍ട്ടികള്‍ ഈ സഖ്യവുമായി അണിചേരണമെന്നായിരുന്നു നിലപാട്,’ കനയ്യ കുമാര്‍ പറഞ്ഞു.
ബി.ജെ.പിയെ തോല്‍പ്പിക്കുകയെന്നാല്‍ ഒരു കൂട്ടം നയങ്ങളെയാണ് തോല്‍പ്പിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഇടതു പാര്‍ട്ടികള്‍ മഹാ സഖ്യത്തിനൊപ്പം ചേരാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിയെ കീഴ്‌പ്പെടുത്തുമ്പോള്‍, നമ്മള്‍ വെറുതെ ഒരു പാര്‍ട്ടിയെ തോല്‍പിക്കുകയല്ല. ഒരു കൂട്ടം നയങ്ങളെയാണ് തോല്‍പിക്കുന്നത്. വളരെ ശക്തമായ കോര്‍പ്പറേറ്റ് കൊള്ളയടിയെയും വര്‍ഗീയ രാഷ്ട്രീയത്തെയുമാണ് കീഴടക്കുന്നത്. ആ സാഹചര്യത്തില്‍ ബീഹാറില്‍ മഹാസഖ്യത്തിനൊപ്പം ചേരാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചു. ഈ മഹാസഖ്യം 2019 ലുണ്ടാക്കിയ മഹാസഖ്യത്തിന് തുല്യമല്ല. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രൂപം കൊണ്ട മഹാസഖ്യത്തിലുളള പല പാര്‍ട്ടികളും 2020 ലെ മഹാസഖ്യത്തിലില്ല,’ കനയ്യ കുമാര്‍ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി 144 സീറ്റുകളിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മത്സരിക്കുന്നു. ഇടതുപാര്‍ട്ടികള്‍ 29 സീറ്റുകളില്‍ മത്സരിക്കുന്നു. എന്നാല്‍ സീറ്റുകളുടെ എണ്ണം അടിസ്ഥാനമാക്കി ഇടതുപാര്‍ട്ടികളുടെ പ്രാധാന്യവും പ്രസക്തിയും അളക്കരുതെന്നും ഓരോ മണ്ഡലങ്ങളിലും ഏത് പാര്‍ട്ടിയാണ് ശക്തമാണെന്നും നോക്കിയാണ് ആളുകളെ നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘2015 ല്‍ കടുത്ത വര്‍ഗീയ,രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ ഉണ്ടായിട്ടും സി.പി.ഐ.എം.എല്‍ മൂന്ന് സീറ്റുകളില്‍ ജയിച്ചു. അവര്‍ക്ക് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ക്ക് അവകാശമുന്നയിക്കാം.ലഭിച്ച വോട്ടുകളുടെ എണ്ണം കണക്കാക്കിയാല്‍ സി.പി.ഐക്ക് അഞ്ച് ലക്ഷത്തി പതിനേഴായിരം വോട്ടുകള്‍ ലഭിച്ചു.സിപി.ഐ.എം.എല്ലിന് അഞ്ച് ലക്ഷത്തി എണ്‍പതിനായിരം വോട്ടുകള്‍ ലഭിച്ചു.സി.പി.ഐ.എം.എല്‍ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളിലാണ് ഇത്തവണയും മത്സരിക്കുന്നത്.അതുകൊണ്ട് സീറ്റുകളുടെ എണ്ണം നോക്കി സി.പി.ഐ.എം.എല്‍ വലിയ പാര്‍ട്ടി,സി.പി.ഐ ചെറിയ പാര്‍ട്ടി എന്ന് കണക്കാക്കരുത്.അതല്ല ഫോര്‍മുല.ഏത് മേഖലയില്‍ ഏത് പാര്‍ട്ടിയാണ് ശക്തം എന്നതാണ്,ഏത് സ്ഥാനാര്‍ഥിക്കാണ് ജെ.ഡി.യു, ബി.ജെ.പി മുന്നണിയെ ശക്തമായി എതിര്‍ക്കാന്‍ കഴിയുന്നതെന്നാണ് സീറ്റ് വിഭജനത്തില്‍ പരിഗണിച്ചിരിക്കുന്ന മാനദണ്ഡം.
സി.പി.ഐക്ക് ബെഗുസരായിയിലും മധുബനിയിലും വളരെ ശക്തമായ അടിത്തറയുണ്ട്. ഈ മേഖലയില്‍ പാര്‍ട്ടിക്ക് ശക്തമായ അംഗബലമുണ്ട്. ഭോജ്പൂരില്‍ സി.പി.ഐ.എം.എല്‍ ലിബറേഷനാണ് മുന്‍തൂക്കം.അവര്‍ക്ക് ഭോജ്പൂരില്‍ കാര്യമായ അംഗബലമുണ്ട്. ബെഗുസരായി ലോക്‌സഭാ മണ്ഡലത്തിനുള്ളില്‍ 7 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഇതില്‍ 4 മണ്ഡലങ്ങളില്‍ ഇക്കുറി ഇടത് പാര്‍ട്ടികളാണ് മത്സരിക്കുന്നത്.ആര്‍.ജെ.ഡി രണ്ട് സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മത്സരിക്കുന്നു. ഇതാണ് സാഹചര്യം,’ കനയ്യ പറഞ്ഞു.
ബീഹാര്‍ തെരഞ്ഞെടുപ്പ് മോദിയുടെയല്ല, നിതീഷ് കുമാറിന്റെ രാഷ്ട്രീയ ഭാവിയെയാണ് നിശ്ചയിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാര്‍ കടുത്ത പ്രതിസന്ധിയിലാണ് അവിടെ ദൈവത്തെ പോലെ മോദി വരികയും നിതീഷിനെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന പ്രതീതിയാണ് ബി.ജെ.പി നിര്‍മിക്കുന്നത്! ഇത്തരം ചില സംസാരങ്ങള്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നിര്‍മിച്ചു കൊണ്ടിരിക്കുകയാണെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക