| Monday, 27th September 2021, 4:36 pm

സി.പി.ഐയ്ക്ക് മുന്നില്‍ ഡിമാന്റുമായി കനയ്യ? സംസ്ഥാന സെക്രട്ടറിയാക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ പ്രതികരണവുമായി സി.പി.ഐ നേതാക്കള്‍. ജനറല്‍ സെക്രട്ടറി ഡി. രാജ, കനയ്യയോട് അഭ്യൂഹങ്ങള്‍ തള്ളി വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വാര്‍ത്താസമ്മേളനം വിളിക്കണമെന്നായിരുന്നു നേതൃത്വം കനയ്യയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഈ ദിവസം കനയ്യ ഫോണെടുക്കുകയോ മെസേജിന് മറുപടി തരികയോ ചെയ്തില്ലെന്ന് സി.പി.ഐ നേതാക്കളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരേയും അദ്ദേഹം തനിക്കെതിരെ വരുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ലെന്നും പേര് വെളിപ്പെടുത്താത്ത സി.പി.ഐ നേതാവ് പറയുന്നു.

നമുക്ക് കാണാം എന്ന് മാത്രമായിരുന്നു ഡി. രാജയെ ഇത് സംബന്ധിച്ച പ്രതികരണത്തിന് വിളിച്ചപ്പോള്‍ ലഭിച്ച മറുപടിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച സി.പി.ഐ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍വെച്ച് ബീഹാറില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ കനയ്യയെ കണ്ടിരുന്നു.

‘ആ കൂടിക്കാഴ്ചയില്‍ തന്നെ സംസ്ഥാന സെക്രട്ടറിയാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനാക്കണമെന്നും കനയ്യ ആവശ്യപ്പെട്ടു,’ പേര് വെളിപ്പെടുത്താത്ത മറ്റൊരു സി.പി.ഐ നേതാവ് പറയുന്നു.

ഒരു പാര്‍ട്ടിയിലും ഇത്തരം ഡിമാന്റുകള്‍ മുന്നോട്ടുവെച്ച് പോകാനാകില്ലെന്നും എന്ത് ഉത്തരവാദിത്തം ആര്‍ക്ക് നല്‍കണമെന്ന് പാര്‍ട്ടി തീരുമാനിക്കുന്നതാണ് കീഴ്‌വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്നെ കനയ്യ പാര്‍ട്ടി വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ശനിയാഴ്ച ജിഗ്നേഷ് മേവാനി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് അഭ്യൂഹം ശക്തിപ്പെട്ടത്. താനും കനയ്യയും സെപ്റ്റംബര്‍ 28 ന് കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2019 ല്‍ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ ബേഗുസുരായിയില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് കനയ്യ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kanhaiya Kumar keeps CPI guessing over reports of joining Congress

We use cookies to give you the best possible experience. Learn more