| Wednesday, 17th February 2016, 3:00 pm

കനയ്യകുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് 2 വരെ നീട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: രാജ്യദ്രോഹം കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യകുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് 2 വരെ നീട്ടി.

ദേശദ്രോഹം തെളിയിക്കാന്‍ തെളിവുകളില്ലെന്ന് കനയ്യയുടെ അഭിഭാഷകന്‍ വാദിച്ചു. കോടതിക്ക് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും കനയ്യയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഈ വാദത്തെ എതിര്‍ഭാഗം അഭിഭാഷകന്‍ ഖണ്ഡിച്ചു.

കനയ്യ കുമാറിനെതിരായ തെളിവുകള്‍ ദല്‍ഹി പോലീസിന്റെ കയ്യിലുണ്ടെന്നും കനയ്യയ്‌ക്കെതിരായ രഹസ്യാേേന്വഷണ റിപ്പോര്‍ട്ട് ഉണ്ടെന്നും എതിര്‍ഭാഗം വാദിച്ചു.

ജെ.എന്‍.യുവില്‍ കനയ്യയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ സംഘടിച്ചത്. കനയ്യ ദേശദ്രോഹത്തിന് ആഹ്വാനം ചെയ്യുകയായിരുന്നെന്നും ഇവര്‍ വാദിച്ചു.

കനയ്യയെ ഈ അവസരത്തില്‍ പുറത്തുവിട്ടാല്‍ അത് കേസിനെ ബാധിക്കുമെന്നും പോലീസ് കസ്റ്റഡിയില്‍ വിടണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കനയ്യയുടെ ജുഡീഷ്യല്‍കസ്റ്റഡി നീട്ടിക്കൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.

അതേസമയം താന്‍ ദേശദ്രോഹിയോ ഭീകരവാദിയോ അല്ലെന്ന് കനയ്യകുമാര്‍ പറഞ്ഞു. താന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ആളാണെന്നും കനയ്യകുമാര്‍ പറഞ്ഞു.

കോടതിയില്‍ ആക്രമിക്കപ്പെട്ട കനയ്യയുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളണമെന്നും ദല്‍ഹി പോലീസിനോട് പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. പട്യാല ഹൗസ് കോടതിയില്‍ അഴിഞ്ഞാട്ടം നടത്തിയ അഭിഭാഷകര്‍ക്കെതിരെ ഉടനടി നടപടിയെടുക്കാന്‍ ദല്‍ഹി പോലീസിനോട് സുപ്രീം കോടതി ഉത്തരവിട്ടു.

ദേശദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്ന അവസരത്തിലാണ് ഒരു സംഘം അഭിഭാഷകര്‍ കോടതി വളപ്പില്‍ അക്രമം അഴിച്ചുവിട്ടത്.

ആദ്യം കോടതി വളപ്പിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു ആക്രമണം. പിന്നീട് കനയ്യകുമാറിനെ കോടതിയിലെത്തിച്ചപ്പോള്‍ പോലീസ് നോക്കി നില്‍ക്കെ അദ്ദേഹത്തെ മര്‍ദിക്കുകയും വലിച്ചിഴച്ച് നിലത്തിട്ടു ചവിട്ടുകയും ചെയ്തു.  കോടതി വളപ്പിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും അവരുടെ ക്യമാറകള്‍ തകര്‍ക്കുകയും ചെയ്തു.

പോലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്ന സാഹഹര്യത്തിലാണ് സംഭവത്തില്‍ സുപ്രീം കോടതി ഇടപെട്ടത്. സീനിയര്‍ അഭിഭാഷകരുടെ ഒരു സംഘത്തെ സുപ്രീം കോടതി പട്യാല ഹൗസ് കോടതിയിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ ഇവരെ കോടതിക്കുള്ളിലേക്ക് കയറ്റാന്‍ അഭിഭാഷകര്‍ അനുവദിച്ചില്ല.

കനയ്യ കുമാറിനെ കോടതിയില്‍ എത്തിക്കുമ്പോള്‍ കനത്ത സുരക്ഷാ പ്രശ്‌നങ്ങളുണ്ടാവുമെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഒരു സുരക്ഷയും പോലീസ് ഒരുക്കിയിരുന്നില്ല.

We use cookies to give you the best possible experience. Learn more