| Monday, 6th January 2020, 12:11 am

'രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ നിങ്ങളുടെ ഗൂഢാലോനയ്‌ക്കെതിരെ നിലകൊള്ളും, അവരുടെ സിരകളില്‍ അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും രക്തം': കനയ്യ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് മുന്‍ ജെ.എന്‍.യു യൂണിയന്‍ അധ്യക്ഷനും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍.

മുട്ടുമടക്കാത്ത വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കു നേരെ ബി.ജെ.പി സര്‍ക്കാര്‍ ഗുണ്ടകളെ അഴിച്ചുവിട്ട് അക്രമണം നടത്തുകയാണെന്നും അധികാരത്തില്‍ വന്നനാള്‍ തൊട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ കലഹം തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്കിലൂടെയായിരുന്നു കനയ്യയുടെ പ്രതികരണം.

” എന്തൊരു നാണം കെട്ട സര്‍ക്കാറാണിത്. ആദ്യം ഫീസ് വര്‍ദ്ധിപ്പിച്ചു. പിന്നെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ വിട്ട് അക്രമിച്ചു. അധികാരത്തില്‍ വന്നനാള്‍ തൊട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ തുടങ്ങിയ കലഹമാണ്.” അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”കേള്‍ക്കൂ സര്‍, നിങ്ങളാല്‍ ആവുംവിധം കള്ളങ്ങള്‍ പ്രചരിപ്പിച്ചോളൂ! മതിയാവോളം ആക്ഷേപിച്ചോളൂ. പക്ഷേ ചരിത്രം പറയും നിങ്ങളുടെ സര്‍ക്കാര്‍ ദരിദ്രരുടെ മക്കളുടെ വായനയ്ക്ക് എതിരായിരുന്നുവെന്ന്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ നിങ്ങളുടെ ഗൂഢാലോനയ്‌ക്കെതിരെ നിലകൊള്ളും. കാരണം, ഗാന്ധിയുടെയും അംബേദ്കറുടെയും ഭഗത് സിംഗിന്റെയും രക്തമാണ് അവരുടെ സിരകളില്‍.” അദ്ദേഹം പറഞ്ഞു.

” നിങ്ങള്‍ ഇക്കാലത്തെ ദ്രോണാചാര്യന്‍ ആയിമാറി. പക്ഷേ നിങ്ങള്‍ ഒന്നോര്‍ക്കണം, 21-ാം നൂറ്റാണ്ടിലെ ഏകലവ്യന്‍ വിരല്‍ മുറിച്ചു നല്‍കില്ല” കനയ്യ പറഞ്ഞു.

അടിച്ചമര്‍ന്തോറും പ്രതിഷേധങ്ങള്‍ വീണ്ടും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more