പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്‌ക്കെതിരെ പടയൊരുക്കം ശക്തമാക്കി മഹാസഖ്യം. മഹാസഖ്യത്തിലെ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സി.പി.ഐ നേതാവ് കനയ്യ കുമാര്‍ പ്രചാരണത്തിന് ഇറങ്ങും.
30 താരപ്രചാരകരുടെ പട്ടികയാണ് സി.പി.ഐ പുറത്തുവിട്ടത്. കനയ്യ കുമാറിനെ കൂടാതെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ഡി രാജ, സംസ്ഥാന സെക്രട്ടറിയും ഹര്‍ലഖി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ രാം നരേഷ് പാണ്ഡെ, ദേശീയ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജന്‍, അമര്‍ജീത് കൗര്‍, രാമേന്ദ്ര കുമാര്‍ തുടങ്ങിയവരും താരപ്രചാരകരുടെ പട്ടികയില്‍ ഉണ്ട്.
കനയ്യ കുമാറിന് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പേര് സി.പി.ഐ പുറത്തിറക്കിയ പട്ടികയില്‍ ഇടം നേടിയില്ല. ഇതിന് പിന്നാലെ എ.ഐ.എസ്.എഫ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും കനയ്യ കുമാറിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. സീറ്റ് വിഭജനത്തില്‍ ആര്‍.ജെ.ഡിക്ക് 144, കോണ്‍ഗ്രസിന് 70, ഇടതുപാര്‍ട്ടികള്‍ക്ക് 29 എന്നിങ്ങനെയാണ് ലഭിച്ചത്. അതില്‍ സി.പി.ഐ.എം.എല്ലിന് 19, സി.പി.ഐക്ക് ആറ് സി.പി.ഐ.എമ്മിന് നാല് എന്നിങ്ങനെയാണ് സീറ്റുകള്‍ ലഭിച്ചത്.
ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ ലിസ്റ്റ് കോണ്‍ഗ്രസ് നേരത്തെ പുറത്തുവിട്ടിരുന്നു. 30 പേരുടെ ലിസ്റ്റാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, രണ്‍ദീപ് സുര്‍ജേവാല, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, അമരീന്ദര്‍ സിംഗ്, ഭൂപേഷ് ഭാഗല്‍ എന്നിവര്‍ ലിസ്റ്റിലുണ്ട്.