| Thursday, 30th January 2020, 1:09 pm

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; കനയ്യ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത മുന്‍ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍ പൊലീസ് കസ്റ്റഡിയില്‍.

ബിഹാറിലെ ബേട്ടിഹയില്‍ വെച്ചാണ് കനയ്യ കുമാര്‍ കസ്റ്റഡിയിലാവുന്നത്. സി.എ.എയ്‌ക്കെതിരായി നടന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ പങ്കെടുക്കവെയാണ് അറസ്റ്റ്.

ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന പ്രതിഷേധ പരിപാടിയായ ജന ഗണ മന യാത്രയില്‍ പങ്കെടുക്കുകയായിരുന്നു കനയ്യകുമാര്‍. കനയ്യകുമാര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

നേരത്തെ സമാനമായ രീതിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത ഡോ. കഫീല്‍ ഖാനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡിസംബറില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായി മുംബൈയിലെത്തിയപ്പോഴാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.

പൗരത്വ ഭേദഗതിക്കെതിരെ ഡിസംബറില്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കഫീല്‍ ഖാനെതിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സെക്ഷന്‍ 153 എ പ്രകാരം വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനു മുമ്പ് ജനുവരി 28 ന് പൗരത്വ നിയമ പ്രക്ഷോഭ നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാജ്യദ്രോഹകുറ്റത്തിനാണ് ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷര്‍ജീല്‍ നടത്തിയ പ്രസ്താവനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി നിരവധി സംസ്ഥാനങ്ങളില്‍ കേസെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more