| Wednesday, 27th March 2019, 9:02 pm

കനയ്യയുടെ ക്രൗഡ് ഫണ്ടിങ്ങിന് ആദ്യ മണിക്കൂറില്‍ ലഭിച്ചത് 30 ലക്ഷത്തിലധികം രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്ന: പാറ്റ്നയിലെ ബെഗുസരായില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങിന് മികച്ച പ്രതികരണം. ആരംഭിച്ച് ആദ്യ മണിക്കൂറുകള്‍ക്കകം തന്നെ 30 ലക്ഷത്തിലേറെ രൂപയാണ് (30,44000) കനയ്യയ്ക്ക് സംഭാവനയായി ലഭിച്ചിരിക്കുന്നത്.

വോട്ടു ചോദിക്കുന്നതിനോടൊപ്പം തനിക്ക് തെരഞ്ഞെടുപ്പിനാവശ്യമായ ഫണ്ടും ലഭ്യമാക്കണമെന്ന് കനയ്യ അണികളോട് ആവശ്യപ്പെടുകയായിരുന്നു.”സുഹൃത്തുക്കളേ, നിങ്ങള്‍ക്കറിയാമല്ലോ, തെരഞ്ഞെടുപ്പിന് വോട്ടു ലഭിക്കാനുള്ള ഓട്ടത്തില്‍ പലരും ജനാധിപത്യത്തെ മുറിവേല്‍പ്പിക്കുകയും ഭരണഘടനയെ അപകടത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഈ സമയത്ത് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ രാജ്യത്തെ ജനങ്ങള്‍ ഒരുമിച്ച് നിന്ന് പോരാടണം. നിങ്ങള്‍ എല്ലാവരും സാമ്പത്തികമായുള്ള സംഭാവനകള്‍ നല്‍കി ഈ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നു” എന്നായിരുന്നു കനയ്യ അണികളോട് അഭ്യര്‍ത്ഥിച്ചത്.

Read Also : ആര്‍.ബാലകൃഷ്ണപിള്ള പ്രസംഗ വേദിയില്‍ കുഴഞ്ഞു വീണു

Read Also : ബെഗുസരായില്‍ ഗിരിരാജ് സിംഗ് തന്നെ മത്സരിക്കും: അമിത് ഷാ

ഔര്‍ ഡെമോക്രസി എന്ന കൂട്ടായ്മയാണ് തുക പിരിക്കുന്നത്. ഇവരുടെ വെബ്സൈറ്റ് വഴിയാണ് പണം നല്‍കേണ്ടത്. 70,00,000രൂപയാണ് ടാര്‍ഗറ്റ് വച്ചിരിക്കുന്നത്. എന്നാല്‍ ആദ്യമണിക്കൂറില്‍ തന്നെ ടാര്‍ഗറ്റ് ചെയ്തതിന്റെ പകുതിയും സംഭാവനയായി കനയ്യയ്ക്ക് ലഭിച്ചു കഴിഞ്ഞു.

കനയ്യയുടെ അഭ്യര്‍ത്ഥന മാനിച്ച് നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. കനയ്യയ്ക്ക് പിന്തുണയര്‍പ്പിച്ച് ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി ഫേസ്ബുക്കില്‍ കുറിച്ചത്, “ജെ.എന്‍.യു പ്രസിഡന്റ് എന്നതില്‍ നിന്നും, ഒരു പരിപൂര്‍ണ നേതാവെന്ന നിലയില്‍ കനയ്യ വളര്‍ന്നു വന്ന രീതി പ്രശംസനീയമാണ്. നിരന്തരം ശബ്ദം ഉയര്‍ത്തുന്ന, ആഖ്യാനങ്ങള്‍ കുറിക്കുന്നതിന് പുതിയ മാനങ്ങള്‍ നല്‍കിയ കനയ്യയെ എനിക്ക് പാര്‍ലമെന്റില്‍ കാണണം” എന്നായിരുന്നു.

ബി.ജെ.പി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിന്റെ മൗലികവാദത്തിനെതിരാണ് തന്റെ പോരാട്ടമെന്നായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാനത്തിന് പിന്നാലെ കനയ്യ കുമാര്‍ പ്രതികരിച്ചത്. കേന്ദ്ര മന്ത്രിയെന്നതിനെക്കാളുപരി ഇടക്കിടെ ഇന്ത്യക്കാരെ പാകിസ്ഥാനിലേക്കയക്കുന്ന ഗിരിരാജ് സിങ്ങ്, പാക് വിസാ മന്ത്രിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കനയ്യ കുമാര്‍ പരിഹസിച്ചു. ആര്‍.ജെ.ഡിയുടെ തന്‍വിര്‍ ഹസനുമായി ആയിരിക്കില്ല തന്റെ പോരാട്ടം എന്നും കുമാര്‍ വ്യക്തമാക്കിയിരുന്നു.

ആര്‍.ജെ.ഡി നേൃത്വം നല്‍കുന്ന മഹാസഖ്യം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിഹാറിലെ ഇടത് സംഘടനകളുടെ പൊതുസ്ഥാനാര്‍ത്ഥിയായി കനയ്യ ജനവിധി തേടുന്നത്.

ബെഗുസാരായില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായ കനയ്യയെ പിന്തുണക്കാമെന്ന് ആര്‍.ജെ.ഡി നേരത്തെ പറഞ്ഞിരുന്നങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു. ഇടതുപാര്‍ട്ടികളായ സി.പി.എമ്മിനും സി.പി.ഐയ്ക്കും ആര്‍.ജെ.ഡി നേതൃത്വത്തലുള്ള മഹാസഖ്യം ഒരു സീറ്റ് പോലും നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായി കനയ്യയെ സി.പി.ഐ പ്രഖ്യാപിച്ചത്.

We use cookies to give you the best possible experience. Learn more