പട്‌ന: പൗരത്വ ഭേദഗതി നിയമത്തിനും ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന പൊലീസ് അക്രമത്തിലും പ്രതിഷേധിച്ച് ബിഹാറില്‍ സി.പി.ഐ നേതാവും ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ നേതാവുമായ കനയ്യ കുമാര്‍ നടത്തിയ പ്രതിഷേധറാലിയില്‍ പങ്കെടുത്തതു ലക്ഷക്കണക്കിനാളുകള്‍. കനയ്യയുടെ ‘ആസാദി’ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റുവിളിക്കുന്നതിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.
‘ഞങ്ങളെ പൗരന്മാരായി കണക്കാക്കുന്നില്ലെങ്കില്‍, നിങ്ങളെ ഞങ്ങള്‍ സര്‍ക്കാരായും കണക്കാക്കില്ല’ എന്നായിരുന്നു പുര്‍നിയയില്‍ നടന്ന റാലിയില്‍ കനയ്യ പറഞ്ഞത്.
‘നിങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം കാണാം. പക്ഷേ തെരുവുകളില്‍ ഞങ്ങള്‍ക്കാണു ഭൂരിപക്ഷം. ഹിന്ദുക്കളുടെയോ മുസ്‌ലിങ്ങളുടെയോ അല്ല പോരാട്ടം.
ഞങ്ങള്‍ക്ക് സവര്‍ക്കറുടെ രാജ്യമല്ല ആവശ്യം. ഭഗത് സിങ്ങിന്റെയും ബാബാസാഹേബ് അംബേദ്കറുടെയുമാണ്. ഇതു ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഞങ്ങള്‍ക്ക് പ്രജ്ഞാ താക്കൂറിന്റെ ഇന്ത്യയല്ല വേണ്ടത്.’- കനയ്യ പറഞ്ഞു.
ഇതിനു ശേഷമായിരുന്നു കനയ്യ ആസാദി മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ കനയ്യ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ നിയമത്തിനെതിരെ രാജ്യത്താകമാനം വിദ്യാര്‍ത്ഥികളുടേയും വിവിധ രാഷ്ട്രീയ മുന്നണികളുടേയും മറ്റ് സംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധം കനക്കുകയാണ്.