| Thursday, 30th August 2018, 10:36 am

ഞങ്ങള്‍ എഴുതിയെഴുതി ക്രിമിനലുകളായി; അവര്‍ കലാപം നടത്തി സര്‍ക്കാറുണ്ടാക്കി ; സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റില്‍ മോദി സര്‍ക്കാറിനെതിരെ കനയ്യകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാമൂഹ്യപ്രവര്‍ത്തകരെയും എഴുത്തുകാരെയും മാവോയിസ്‌റ്റെന്ന് മുദ്രകുത്തി അറസ്റ്റു ചെയ്ത സംഭവത്തില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍.

“ഞങ്ങള്‍ എഴുതിയെഴുതി ക്രിമിനലുകളായി. അവരോ കലാപങ്ങള്‍ നടത്തി സര്‍ക്കാറുണ്ടാക്കി.” എന്നാണ് കനയ്യകുമാര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്.

“ഭരണഘടനയെ കത്തിക്കുന്നവരാണ് ദേശസ്‌നേഹികള്‍, ഭരണഘടനയുടെ രക്ഷകരായി നില്‍ക്കുന്നവര്‍ ദേശവിരുദ്ധരും അല്ലേ, ? കലാപമുണ്ടാക്കുന്നവര്‍ ദേശസ്‌നേഹികളും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ നക്‌സലുകളും?” എന്നും കനയ്യകുമാര്‍ ചോദിക്കുന്നു.

Also Read:നോട്ട് നിരോധനത്തെ ന്യായീകരിക്കാൻ കെ.സുരേന്ദ്രന്‍ പറഞ്ഞ ജന്‍ കല്യാണ്‍ യോജന എന്നൊരു പദ്ധതിയില്ല; അത് ഉത്തര്‍പ്രദേശിലെ തൊഴില്‍ തട്ടിപ്പിന്റെ പേര്

ഭീമ കൊറേഗാവ് അക്രമത്തില്‍ മാവോയിസ്റ്റ് ഇടപെടല്‍ ആരോപിച്ച് കഴിഞ്ഞദിവസമാണ് പൂനെ പൊലീസ് സാമൂഹ്യപ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവലാഖ്, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി. വരവര റാവു, ആക്ടിവിസ്റ്റുകളായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറാറിയ, അഭിഭാഷക സുധ ഭരദ്വാജ്, പൗരാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് ടെല്‍തുംഡെ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.

2017ല്‍ ഭീമ കൊറേഗാവില്‍ പരിപാടി സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്ത് എന്ന സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പൂനെ പൊലീസിന്റെ നടപടി.

Also Read:ടെന്നീസ് മത്സരത്തിനിടെ വസ്ത്രമഴിച്ച വനിതാ താരത്തിനെതിരെ നടപടി; പ്രതിഷേധവുമായി ആരാധകര്‍

പരിപാടി നടക്കുന്നതിന്റെ തലേദിവസം നടന്ന പ്രസംഗങ്ങളാണ് പിറ്റേദിവസത്തെ അക്രമ സംഭവങ്ങള്‍ക്ക് ഒരു കാരണമെന്നും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് അഭിഭാഷകരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ ആക്ടിവിസ്റ്റുകളുടെ പേരുവിവരങ്ങള്‍ ലഭിച്ചതെന്നും പറഞ്ഞായിരുന്നു പൊലീസ് നടപടി.

ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചരിത്രകാരി റോമിലാ ഥാപ്പര്‍, ഇടതുചിന്തകനും സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്‌നായിക്, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിയോജിപ്പ് ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണെന്നും അതില്ലെങ്കില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുമെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്.

ഹര്‍ജി വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബര്‍ ആറുവരെ അറസ്റ്റിലായവരെ വീട്ടുതടങ്കലില്‍ വെച്ചാല്‍ മതിയെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more