ന്യൂദല്‍ഹി: ദല്‍ഹിയില്‍ വെച്ച് ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍. സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തമാണ് തന്റെ സിരകളിലൂടെ ഒഴുകുന്നതെന്നും അതിനാല്‍ ഒരു ആക്രമണവും ഭയപ്പെടില്ലെന്നാണ് കനയ്യ കുമാര്‍ പറഞ്ഞത്.
ദല്‍ഹിയിലെ ഉസ്മാന്‍പൂരിലെ എ.എ.പി ഓഫീസിന് പുറത്ത് വെച്ച് കഴിഞ്ഞ ദിവസമാണ് കനയ്യ കുമാറിനെതിരെ ആക്രമണം ഉണ്ടായത്.
‘ഗുണ്ടകളെ അയക്കരുത്. നിങ്ങളുടെ പൊലീസും ജയിലും ഞാന്‍ കണ്ടിട്ടുണ്ട്. എന്ത് വേണമെങ്കിലും ചെയ്‌തോളൂ. സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തമാണ് എന്റെ സിരകളില്‍ ഒഴുകുന്നത്. ഞങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരാണ്. ബ്രിട്ടീഷുകാരെ ഭയപ്പെടാത്ത ഞങ്ങള്‍ അവരുടെ സഹായികളെയും ഭയക്കില്ല,’ കനയ്യ കുമാര്‍ പറഞ്ഞു.
വെള്ളിയാഴ്ചയാണ് മാലയിടാന്‍ വന്ന വ്യക്തി കുമാറിനെ ആക്രമിച്ചത്. എ.എ.പി കൗണ്‍സിലര്‍ ഛായ ശര്‍മയും സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ ആക്രമം തടയാന്‍ ശ്രമിച്ചെങ്കിലും അവരെയും അക്രമികള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
പിന്നീട് ഛായ ശര്‍മ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ബി.ജെ.പി എം.പി മനോജ് തിവാരിയാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് കനയ്യ കുമാര്‍ ആരോപിച്ചിരുന്നു. മോദിയുടെ അനുയായികള്‍ വാടക ഗുണ്ടകളെ അയച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു.
Content Highlight: Kanhaiya Kumar about ‘Ink’ Assault