| Wednesday, 17th February 2016, 5:38 pm

മെസ്സില്‍ ബീഫ് ഉള്‍പ്പെടുത്താന്‍ പറഞ്ഞു; അസുരാരാധന നടത്തി; കന്നയ്യ രാജ്യദ്രോഹി തന്നെ; ദല്‍ഹി പോലീസ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കന്നയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ദല്‍ഹി പോലീസ് നിരത്തിയത് വിചിത്ര വാദങ്ങള്‍. ജെ.എന്‍.യു മെസ്സില്‍ ബീഫ് ഉള്‍പ്പെടുത്താന്‍ കന്നയ്യ കുമാര്‍ ആവശ്യപ്പെട്ടു, നവരാത്രി ദിനത്തില്‍ അസുരാരാധന നടത്തി. കശ്മീര്‍ വിഘടനവാദി നേതാവ് ഗീലാനിയെ സര്‍വകലാശാലയിലേക്ക് ക്ഷണിച്ചു തുടങ്ങിയ കുറ്റങ്ങളാണ് രാജ്യദ്രോഹിയാക്കാന്‍ കന്നയ്യക്കെതിരെ പോലീസ് നിരത്തിയത്.

ദല്‍ഹി പോലീസിലെ ചിലരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് കന്നയ്യക്കെതിരെ ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജെ.എന്‍.യുവില്‍ രാജ്യദ്രോഹപ്രവര്‍ത്തികള്‍ നടന്നിട്ടില്ലെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ നിലനില്‍ക്കെയാണ് വിചിത്രമായ റിപ്പോര്‍ട്ടില്‍ ദല്‍ഹി പോലീസ് ഉറച്ചു നില്‍ക്കുന്നത്.

കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിനാണ് ദല്‍ഹി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍വകലാശാലയിലെ ഇടതുപക്ഷ സംഘടനയായ ഡി.എസ്.യുവാണ് ഫെബ്രുവരി 9ന് അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.എസ്.യുവിനെ കൂടാതെ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫ്രണ്ട് സംഘടനയും ദേശദ്രോഹ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more