| Monday, 29th March 2021, 9:18 am

മോദിയെ വെല്ലുവിളിക്കണമെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ നുണയനാകണം: കനയ്യ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രധാനമന്ത്രി നരേന്ദ്രമോദി പെരുംനുണയനെന്ന് സി.പി.ഐ നേതാവ് കനയ്യ കുമാര്‍. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനായി ജയിലില്‍ കിടന്നിട്ടുള്ള വാദത്തിന്‍മേലാണ് കനയ്യ കുമാറിന്റെ വിമര്‍ശനം. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കനയ്യ കുമാറിന്റെ പരാമര്‍ശം.

രാജ്യത്തിന്റെ വിഭവങ്ങള്‍ ദേശസ്‌നേഹത്തിന്റെ പേര് പറഞ്ഞ് വിറ്റുതുലയ്ക്കുന്നവരെ പരാജയപ്പെടുത്തണമെന്നും കനയ്യ അസമിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

‘മോദിയെ വെല്ലുവിളിക്കണമെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ നുണയനാകണം. അദ്ദേഹം എന്താണ് ബംഗ്ലാദേശില്‍ പറഞ്ഞതെന്ന് കേട്ടോ? ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യാഗ്രഹം നടത്തി ജയിലില്‍ പോയിട്ടുണ്ടെന്ന്. ഇങ്ങനെയുള്ള കള്ളങ്ങള്‍ പറയാന്‍ ബിജെപി നേതാക്കള്‍ക്ക് മാത്രമേ കഴിയൂ. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തെ ഇന്ത്യ അനുകൂലിക്കുകയും പാകിസ്താന്‍ എതിര്‍ക്കുകയുമാണ് ചെയ്തത്. അപ്പോള്‍ പിന്നെ എവിടെയായിരുന്നു മോദിയുടെ സത്യാഗ്രഹം? അദ്ദേഹത്തെ ജയിലിലടച്ചത് പാകിസ്താന്‍ സര്‍ക്കാരോ അതോ ഇന്ത്യന്‍ സര്‍ക്കാരോ? മോദി പറഞ്ഞത് പെരുംനുണയാണ്,’ കനയ്യ കുമാര്‍ പറഞ്ഞു.

2014ല്‍ മോദി വാഗ്ദാനം ചെയ്ത പ്രതിവര്‍ഷം 2 കോടി തൊഴിലവസരങ്ങള്‍ പാലിക്കപ്പെട്ടോ എന്നും കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിച്ചോ എന്നും കനയ്യ ചോദിച്ചു.

അസം ആരോഗ്യമന്ത്രി ഹിമാന്ത് ബിശ്വ ശര്‍മയ്‌ക്കെതിരെയും കനയ്യ വിമര്‍ശനമുന്നയിച്ചു. ബിശ്വ കംസനാണെന്നാണ് കനയ്യ പറഞ്ഞത്.

‘ശര്‍മ സ്വയം മാമ എന്നാണ് വിളിക്കുന്നത്. കംസനും മാമയായിരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ അമ്മാവന്‍.
ഈ അഞ്ച് വര്‍ഷത്തിനിടെ എത്ര വാഗ്ദാനങ്ങള്‍ പാലിച്ചു എന്ന് എനിക്ക് അറിയണം’ കനയ്യ പറഞ്ഞു.

ദല്‍ഹി പിടിച്ചടക്കിയ രാജ്യദ്രേ്യാഹികളെ പരാജയപ്പെടുത്തി മാസങ്ങളോളം ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന നമ്മുടെ കര്‍ഷകരെ വിജയിപ്പിക്കണമെന്നും വിദ്വേഷമല്ല സ്‌നേഹമാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതെന്നും കനയ്യ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kanhaiya calls Modi biggest liar

We use cookies to give you the best possible experience. Learn more