Entertainment
രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കങ്കുവാ ടീസര്‍ ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 18, 07:23 am
Monday, 18th March 2024, 12:53 pm

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കങ്കുവാ. 2022ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഈ വര്‍ഷം അവസാനം റിലീസ് ചെയ്യും. വിശ്വാസത്തിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം ബി.സി. കാലഘട്ടത്തിലെ കങ്കുവ എന്ന പോരാളിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ സൂര്യയുടെ ലുക്കും പോസ്റ്ററുകളും വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ റിലീസ് ഡേറ്റ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്. പുതിയൊരു പ്രതിഭാസത്തിനായി കാത്തിരിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ചെവ്വാഴ്ച വൈകുന്നേരം 4.30 ന് ടീസര്‍ റിലീസ് ചെയ്യുമെന്നാണ് സ്റ്റുഡിയോ ഗ്രീന്‍ അറിയിച്ചത്. സ്റ്റുഡിയോ ഗ്രീനിന്റെ എക്‌സ് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

2022ല്‍ റിലീസായ എതര്‍ക്കും തുനിന്തവനായിരുന്നു സൂര്യയുടെ അവസാന തിയേറ്റര്‍ റിലീസ്. ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. 2022ല്‍ പുറത്തിറങ്ങിയ വിക്രത്തില്‍ അതിഥിവേഷത്തിലും താരം എത്തിയിരുന്നു. റോളക്‌സ് എന്ന വില്ലന്‍ കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കങ്കുവ. അണ്ണാത്തെക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോളാണ് വില്ലന്‍. ബോളിവുഡ് താരം ദിശാ പഠാനിയാണ് നായിക. ബോബിയുടെയും ദിശയുടെയും തമിഴ് എന്‍ട്രി കൂടിയാണ് കങ്കുവ. സ്റ്റുഡിയോ ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജഞാനവേല്‍ രാജയാണ് നിര്‍മാണം. നടരാജ് സുബ്രമണ്യന്‍, ജഗപതി ബാബു, റെഡിന്‍ കിങ്സ്ലി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlight: Kanguva teaser release date out