| Tuesday, 16th January 2024, 12:40 pm

വിധി കാലത്തെക്കാള്‍ ശക്തമായത്; കങ്കുവാ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കങ്കുവാ. സിനിമയുടെ പുതിയ പോസ്റ്റര്‍ പൊങ്കല്‍ പ്രമാണിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിശ്വാസത്തിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം ബി.സി. കാലഘട്ടത്തിലെ കങ്കുവ എന്ന പോരാളിയുടെ കഥയാണ് പറയുന്നത്.

മോഡേണ്‍ കാലഘട്ടത്തിലെ ലുക്കും പഴയകാല ലുക്കും ഉള്ള പോസ്റ്ററാണ് ഇന്ന് പുറത്തുവന്നത്. ‘വിധി കാലത്തെക്കാള്‍ ശക്തമായത്, എല്ലാം ഒരു പേര് തന്നെ പ്രതിധ്വനിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവന്നത്. ചിത്രത്തില്‍ സൂര്യയുടെ ഫസ്റ്റ് ലുക്കും സിനിമാലോകം ചര്‍ച്ച ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങി 10 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ത്രീഡിയിലാണ് സിനിമയുടെ ചിത്രീകരണം.

സൂരറൈ പോട്ര് എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ച ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ സിനിമയാണ് കങ്കുവ. ദിഷാ പടാനിയാണ് നായിക. ബോളിവുഡ് താരം ബോബി ഡിയേള്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു. ഇരുവരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. ജഗപതി ബാബു, നട്ടി(നടരാജ സുബ്രമണ്യന്‍), യോഗി ബാബു, റെഡിന്‍ കിങ്സ്ലി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

സ്റ്റുഡിയോ ഗ്രീന്‍, യു.വി ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മിക്കുന്നത്. 2024 ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന് ആദ്യം അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ പോസ്റ്ററില്‍ റിലീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല.

Content Highlight:  Kanguva special poster released

We use cookies to give you the best possible experience. Learn more