| Friday, 15th November 2024, 3:02 pm

തിയേറ്ററില്‍ അനുവദിച്ചിട്ടുള്ളത് 85 ഡെസിബെല്‍, കങ്കുവ 105 ഡെസിബല്‍... ചെവി അടിച്ചുപോകാത്തത് ഭാഗ്യമെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഇന്ത്യന്‍ 2വിനെ പിന്തള്ളി ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയം നേരിടാന്‍ പോവുകയാണ് സൂര്യ നായകനായ കങ്കുവ. 250 കോടി ബജറ്റിലെത്തിയ ചിത്രം ആദ്യദിനം കഴിഞ്ഞപ്പോള്‍ തന്നെ പ്രേക്ഷകര്‍ കൈവിട്ട അവസ്ഥയാണ്. സിനിമ കണ്ട എല്ലാവരും ഒരുപോലെ കുറ്റപ്പെടുത്തുന്ന മേഖലയാണ് സൗണ്ട് ഡിസൈനിങ്. കാത് തുളയ്ക്കുന്ന തരത്തിലാണ് കങ്കുവയിലെ സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇതിനെ പല രീതിയില്‍ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വരുന്നുണ്ട്. ഇതിനോടൊപ്പം തിയേറ്ററിലെ സൗണ്ട് ലെവല്‍ പങ്കുവെച്ചുകൊണ്ടുള്ള ഫോട്ടോയും വൈറലായിരിക്കുകയാണ്. 108 ഡെസിബലാണ് തിയേറ്ററില്‍ കങ്കുവ പ്രദര്‍ശിപ്പിക്കുമ്പോഴുള്ള സൗണ്ട് ലെവല്‍. എന്നാല്‍ ഗവണ്മെന്റ് അനുവദിച്ചിട്ടുള്ള ലെവലിനെക്കാള്‍ വളരെക്കൂടുതലാണ് ഇത്.

85 ഡെസിബലാണ് തിയേറ്ററുകളില്‍ അനുവദിച്ചിട്ടുള്ള സൗണ്ട് ലെവല്‍. ഇത് 88 വരെ പോയാലും വലിയ കേള്‍വിക്ക് വലിയ കുഴപ്പമുണ്ടാകില്ല. എന്നാല്‍ 100 ഡെസിബലിന് മുകളിലുള്ള ശബ്ദമാണെങ്കില്‍ 15 മിനിറ്റില്‍ കൂടുതല്‍ കേട്ടുകൊണ്ടിരിക്കുന്നത് കേള്‍വിക്ക് തകരാറുണ്ടാക്കിയേക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കങ്കുവ കണ്ടിറങ്ങി നേരെ തൊട്ടടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ പോയി തലവേദനക്കുള്ള മരുന്ന് വാങ്ങുന്ന ശ്രീനിവാസന്റെ മീമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ത്രീ എന്ന ചിത്രത്തില്‍ ധനുഷ് ആത്മഹത്യ ചെയ്യുന്ന സീനില്‍ കങ്കുവയിലെ അലര്‍ച്ച മിക്‌സ് ചെയ്തിട്ടുള്ള വീഡിയോയും വൈറലാകുന്നുണ്ട്. തമിഴിലെ പഴയ ഒരു സിനിമയില്‍ ചെവിയില്‍ നിന്ന് ചോര വരുന്ന തരത്തില്‍ ഒരു കഥാപാത്രം വരുന്ന സീന്‍ വെച്ചും ട്രോളുകള്‍ വരുന്നുണ്ട്.

ചിത്രത്തിന്റെ സൗണ്ട് ഡിസൈനിനെ വിമര്‍ശിച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും രംഗത്തെത്തിയിരുന്നു. തിയേറ്ററിലെത്തുന്ന പ്രേക്ഷകര്‍ തലവേദനയോടെ തിരിച്ചുപോയാല്‍ സിനിമക്ക് റിപ്പീറ്റ് വാല്യു ഉണ്ടാകില്ലെന്നാണ് പൂക്കുട്ടി പ്രതികരിച്ചത്. ഇത്രയും വലിയ സിനിമകളില്‍ സൗണ്ടിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത് നിരാശ നല്‍കുന്ന കാര്യമാണെന്നും പൂക്കുട്ടി അഭിപ്രായപ്പെട്ടു.

രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയില്‍ ഇരട്ടവേഷത്തിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. സൂര്യക്ക് പുറമെ ബോളിവുഡ് താരം ബോബി ഡിയോള്‍, ദിശ പഠാനി, നട്ടി, ഹരീഷ് ഉത്തമന്‍, റെഡിന്‍ കിങ്സ്ലി തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു. സൂര്യയുടെ കരിയറില്‍ ഏറ്റവും വലിയ ഹൈപ്പിലെത്തിയ ചിത്രം ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ്.

Content Highlight: Kanguva’s sound decibel is more than recommended level and its getting trolled

Latest Stories

We use cookies to give you the best possible experience. Learn more