| Sunday, 10th November 2024, 9:32 pm

പൂരത്തിന് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ട്... അവസാന വജ്രായുധവും പുറത്തിറക്കി കങ്കുവ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. അണ്ണാത്തെ എന്ന വന്‍ പരാജയത്തിന് ശേഷം ശിവയുടെയും കുറച്ച് കാലങ്ങളായി തിയേറ്റര്‍ ഹിറ്റില്ലാതിരിക്കുന്ന സൂര്യയുടെയും തിരച്ചുവരവാകും കങ്കുവയെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാതിരുന്ന ചിത്രം പിന്നീട് ഓരോ അനൗണ്‍സ്‌മെന്റിലും പ്രതീക്ഷ കൂട്ടിക്കൊണ്ടിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഒരോ അപ്‌ഡേറ്റും ക്വാളിറ്റിയുള്ളവയായിരുന്നു.

കഴിഞ്ഞ മൂന്നാഴ്ചയായി ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ നടന്നിരുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍ കങ്കുവ ലൈവായി നിന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പുതിയ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

കങ്കുവയുടെ ആദ്യ ട്രെയ്‌ലറിനും വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. സൂര്യ രണ്ട് ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലറില്‍ ഒരു ലുക്ക് മാത്രമാണ് പുറത്തുവിട്ടിരുന്നത്. എന്നാല്‍ പുതിയ ട്രെയ്‌ലറില്‍ രണ്ടാമത്തെ ലുക്കും കാണിക്കുന്നുണ്ടെന്നാണ് പ്രത്യേകത.കങ്കുവ എന്ന യോദ്ധാവായും ഫ്രാന്‍സിസ് എന്ന ഷാഡോ കോപ് ആയുമാണ് സൂര്യ കങ്കുവയില്‍ പ്രത്യക്ഷപ്പെടുന്നത്.

രണ്ട് കാലഘട്ടങ്ങളില്‍ നടക്കുന്ന കഥ ഒരു പ്രത്യേകഘട്ടത്തില്‍ കൂട്ടിമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സൂര്യയുടെ രണ്ട് ലുക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിനായ കബിലന്‍ ചെല്ലയ്യ ഒരുക്കിയ പോസ്റ്ററുകളും ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു.

അനിമലിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയ ബോബി ഡിയോളാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ബോബിയുടെ തമിഴ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. ബോളിവുഡ് താരം ദിശാ പഠാണിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഇവര്‍ക്ക് പുറമെ നട്ടി (നടരാജ സുബ്രഹ്‌മണ്യം), റെഡിന്‍ കിങ്സ്ലി, യോഗി ബാബു, കരുണാസ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സ്റ്റുഡിയോ ഗ്രീന്‍ പ്രൊഡക്ഷന്‍സ്, യു.വി. ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, വംശി, പ്രമേദ് എന്നിവരാണ് കങ്കുവ നിര്‍മിക്കുന്നത്. 200 കോടിയിലധികം ബജറ്റില്‍ ത്രീ.ഡിയില്‍ ചിത്രീകരിച്ച കങ്കുവ തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങി 10 ഭാഷകളില്‍ പുറത്തിറങ്ങും. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം. അന്തരിച്ച എഡിറ്റര്‍ നിഷാദ് യൂസഫാണ് കങ്കുവയുടെ എഡിറ്റര്‍. പല തവണ റിലീസ് മാറ്റിവെച്ച ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലെത്തും.

Content Highlight: Kanguva Release trailer out now

We use cookies to give you the best possible experience. Learn more