തമിഴ് ഇന്‍ഡസ്ട്രിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഓരോ സൂപ്പര്‍സ്റ്റാര്‍ചിത്രവും റിലീസാകുമ്പോഴും പല സിനിമകളും വിജയമാകുമ്പോഴും ഏറ്റവും നിരാശ് സൂര്യാ ആരാധകര്‍ക്കായിരുന്നു. 2022ലാണ് സൂര്യയുടെ ചിത്രം അവസാനമായി തിയേറ്ററിലെത്തിയത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പാണ്ഡിരാജ് സംവിധാനം ചെയ്ത എതര്‍ക്കും തുനിന്തവനായിരുന്നു സൂര്യയുടെ അവസാന തിയേറ്റര്‍ റിലീസ്. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
പിന്നീട് സൂര്യയുടേതായി രണ്ട് ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്തിരുന്നെങ്കിലും ഒരെണ്ണം ഡ്രോപ്പ് ചെയ്യേണ്ടി വന്നു. ബാല സംവിധാനം ചെയ്ത വണങ്കാനാണ് സംവിധായകനുമായുള്ള പ്രശ്‌നം കാരണം ഉപേക്ഷിക്കേണ്ടി വന്നത്. ശിവ സംവിധാനം ചെയ്ത കങ്കുവ പോസ്റ്ററുകളും ടീസറും കൊണ്ട് പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും റിലീസ് ഡേറ്റ് പ്രഖ്യാപിക്കാത്തത് ആരാധകരെ നിരാശരാക്കി. വന്‍ ബജറ്റില്‍ ഒരുങ്ങിയ കങ്കുവ 2024 സമ്മര്‍ റിലീസായി എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് റിലീസ് മാറ്റുകയാണ് ഉണ്ടായത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. ദീപാവലി റിലീസായെത്തുന്ന ചിത്രം ഒക്ടോബര്‍ 10ന് തിയേറ്ററുകളിലെത്തും. രജിനികാന്ത് ചിത്രം വേട്ടയനൊപ്പമാണ് കങ്കുവയുടെ ക്ലാഷ്. ആദ്യമായാണ് സൂര്യയുടെയും രജിനിയുടെയും ഒരുമിച്ച് റിലീസാകുന്നത്. വന്‍ ബജറ്റില്‍ ത്രീഡിയില്‍ ഒരുക്കുന്ന കങ്കുവ രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. ചിത്രത്തിലെ സൂര്യയുടെ രണ്ട് ഗെറ്റപ്പും വലിയ ചര്‍ച്ചയായിരുന്നു.
മറുഭാഗത്ത് ജയ് ഭീമിന്റെ സംവിധായകന്‍ ടി.ജെ ജ്ഞാനവേലിനൊപ്പം രജിനികാന്ത് കൈകോര്‍ക്കുമ്പോള്‍ വന്‍ താരനിരയാണ് വേട്ടയനില്‍ അണിനിരക്കുന്നത്. ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചന്‍, തെലുങ്ക് സൂപ്പര്‍ താരം റാണാ ദഗ്ഗുബട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, ദുഷാരാ വിജയന്‍ തുടങ്ങി വന്‍ താരനിരയാണ് വേട്ടയനില്‍ അണിനിരക്കുന്നത്.
2024ന്റെ ആദ്യപകുതിയില്‍ എടുത്തുപറയാന്‍ വലിയൊരു ഹിറ്റില്ലാതിരിക്കുന്ന തമിഴ് ഇന്‍ഡസ്ട്രി രണ്ടാം പകുതിയില്‍ വലിയ കുതിപ്പിനാണ് ഒരുങ്ങുന്നത്. കമല്‍ ഹാസന്‍-ഷങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യന്‍ 2, വിജയ്-വെങ്കട് പ്രഭു ചിത്രം ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, വിക്രമിന്റെ തങ്കലാന്‍, തുടങ്ങി ഒരുപിടി ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഈ വര്‍ഷം തിയേറ്ററുകളിലെത്തും.