സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് കങ്കുവ. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ ചിത്രം ഈ വര്‍ഷം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചത്. സമ്മര്‍ റിലീസായി പ്ലാന്‍ ചെയ്ത ചിത്രം പിന്നീട് പല കാരണങ്ങളാല്‍ നീണ്ടു പോയി. ഏറ്റവുമൊടുവില്‍ ഒക്ടോബര്‍ 10ന് ചിത്രം റിലീസാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ അതേദിവസം രജിനികാന്തിന്റെ വേട്ടയ്യനും റിലീസ് പ്രഖ്യാപിച്ചതിനാല്‍ കങ്കുവയുടെ റിലീസ് വീണ്ടും മാറ്റിയിരുന്നു. ഇപ്പോഴിതാ നവംബര്‍ 14ന് ചിത്രം റിലീസാകുമെന്നാണ് അറിയിച്ചിരിക്കുന്നത്
200 കോടിക്കടുത്ത് ബജറ്റില്‍ ത്രീ.ഡിയിലൊരുങ്ങുന്ന ചിത്രം പത്ത് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. മറ്റ് ചിത്രങ്ങള്‍ക്കൊപ്പം റിലീസ് ചെയ്യുന്നത് കളക്ഷനെ ബാധിക്കുമെന്നതിനാലാണ് റിലീസ് മാറ്റിയത്. പൂജ ഹോളിഡേയ്‌സ് മുന്നില്‍ക്കണ്ടാണ് ആദ്യം ഒക്ടോബര്‍ 10ന് റിലീസ് പ്ലാന്‍ ചെയ്തത്. ബോളിവുഡിലും ആ സമയം വമ്പന്‍ റിലീസുകള്‍ ഇല്ലാത്തത് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഗുണം ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ വേട്ടയ്യന്റെ റിലീസ് പ്രഖ്യാപനം അണിയറപ്രവര്‍ത്തകരെ ഞെട്ടിച്ചു.
പൂജാ ഹോളിഡേയ്‌സിന് ശേഷം വരുന്ന ദീപാവലി സീസണില്‍ വമ്പന്‍ റിലീസുകള്‍ ഉള്ളതിനാല്‍ ആ ശ്രമവും ഉപേക്ഷിച്ചു. തമിഴിലും, തെലുങ്കിലും, ഹിന്ദിയിലുമായി വമ്പന്‍ റിലീസുകളാണ് ദീപാവലിക്ക് വരുന്നത്. ബോളിവുഡില് അജയ് ദേവ്ഗണ്‍ ചിത്രം സിങ്കം എഗൈനും കാര്‍ത്തിക് ആര്യന്‍ ചിത്രം ഭൂല്‍ ഭുലയ്യ 3യും റിലീസ് ചെയ്യുമ്പോള്‍ തമിഴില്‍ ശിവകാര്‍ത്തികേയന്‍ ചിത്രം അമരനും, ജയം രവി ചിത്രം ബ്രദറും റിലീസിനൊരുങ്ങുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്‌കറും ദീപാവലിക്കാണ് തിയേറ്ററുകളിലെത്തുന്നത്. ഇതേത്തുടര്‍ന്നാണ് കങ്കുവ നവംബര്‍ റിലീസിനെ ആശ്രയിച്ചത്.
രണ്ട് വര്‍ഷത്തോളമായി തിയേറ്റര്‍ റിലീസില്ലാത്ത സൂര്യയുടെ കങ്കുവയില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. അതോടൊപ്പം കാലങ്ങളായി തിയേറ്ററിക്കല്‍ ഹിറ്റില്ലാത്ത സൂര്യയുടെ തിരിച്ചുവരവും കങ്കുവയിലൂടെ സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തിയ വിക്രമില്‍ വെറും അഞ്ച് മിനിറ്റ് മാത്രമുള്ള സൂര്യയുടെ അതിഥിവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ ഓളം കങ്കുവയിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അണ്ണാത്തേയുടെ വമ്പന്‍ പരാജയത്തിന് ശേഷം ശിവ ഒരുക്കുന്ന ചിത്രം കൂടിയാണ് കങ്കുവ. ബി.സി നാലാം നൂറ്റാണ്ടിലെ യോദ്ധാവിന്റെ കഥ പറയുന്ന കങ്കുവയില്‍ ബോളിവുഡ് താരം ബോബി ഡിയോളാണ് വില്ലന്‍. ബോബിയുടെ തമിഴ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. ബോളിവുഡ് താരം ദിശാ പഠാണിയാണ് ചിത്രത്തിലെ നായിക. നടരാജ സുബ്രഹ്‌മണ്യം (നട്ടി), യോഗി ബാബു, റെഡിന്‍ കിങ്സ്ലി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
Content Highlight: Kanguva Release date announced