രണ്ടരവര്‍ഷത്തോളം നീണ്ടുനിന്ന പ്രൊഡക്ഷന്‍, 200 കോടിയിലേറെ ബജറ്റ്, ഇന്ത്യ മുഴുവന്‍ ഓടിനടന്നുള്ള പ്രൊമോഷന്‍…. ഇതെല്ലാം ഇതുപോലൊരു പടത്തിന് വേണ്ടിയാണെന്ന് ആലോചിക്കുമ്പോള്‍ തന്നെ തലയില്‍ കൈവെച്ചുപോകും. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണ് സിനിമയുടേത്. സിനിമ തുടങ്ങുന്നത് തന്നെ ഇപ്പോഴത്തെ കാലഘട്ടം കാണിച്ചുകൊണ്ടാണ്.
അന്യംനിന്നുപോയ ടിക് ടോക് വീഡിയോകളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ ആദ്യത്തെ 15 മിനിറ്റ് മുന്നോട്ടുപോയി. അതില്‍ ഒരു പാട്ടും കൂടിയായപ്പോള്‍ ശുഭം. പിന്നീട് നൂറേ നൂറ്റിപ്പത്തില്‍ പഴയകാലത്തേക്ക് ഒറ്റപ്പോക്കാണ്. അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയില്‍ ആ ഭാഗങ്ങളൊക്കെ ചിത്രീകരിച്ചത്.
എന്നിരുന്നാലും സ്‌ക്രീനില്‍ കാണുന്ന സംഭവങ്ങളോട് യാതൊരുവിധ ഇമോഷണല്‍ കണക്ഷനും തോന്നാതെയാണ് കഥ പറഞ്ഞുപോകുന്നത്. മൂന്ന് ഫൈറ്റ് സീന്‍ കഴിഞ്ഞ് ഇന്റര്‍വെല്ലാകുമ്പോള്‍ എന്തിനാണ് ഇത്രയും നേരം ഇരുന്നതെന്നും ഇനി എന്തിനാണ് ഇരിക്കേണ്ടതെന്നും ആലോചിക്കേണ്ടി വന്നു.
ഇന്റര്‍വെല്ലിന് ശേഷം വീണ്ടും പഴയകാലത്തിലൂടെ ഒരുമണിക്കൂര്‍ കഥപറച്ചില്‍… ക്ലൈമാക്‌സാകുമ്പോള്‍ അഴകിയ രാവണനില്‍ ശ്രീനിവസാന്‍ പറഞ്ഞ കഥയിലെപ്പോലെ കല്യാണം പാലുകാച്ചല്‍.. പാലുകാച്ചല്‍ കല്യാണം എന്ന ലൈനാണ്. പാസ്റ്റും പ്രസന്റും ഇടവിട്ട് കാണിച്ച് ഒരു പരുവമാക്കി. ഒടുക്കം ഇന്ത്യന്‍ സിനിമകളില്‍ ഇപ്പോള്‍ കണ്ടുവരുന്ന ആചാരം തെറ്റിക്കാതിരിക്കാന്‍ സെക്കന്‍ഡ് പാര്‍ട്ടിലേക്ക് ഒരു ലീഡ് കൂടി ഇട്ട് തരുമ്പോള്‍ സമാധാനമായി.
കാണുന്നവന്റെ ക്ഷമയെ പരീക്ഷിച്ച സിനിമയിലെ വിഭാഗമാണ് സൗണ്ട് ഡിസൈനിങ്. ബി.ജി.എം വരുന്ന ഭാഗങ്ങളില്‍ ലൗഡ് ആക്കി ചെവിയുടെ ഡയഫ്രം വരെ അടിച്ചുപോകുന്ന തരത്തിലാണ് ഇതിന്റെ സൗണ്ട് മിക്‌സിങ്. ഇതിന് മുമ്പ് സൗണ്ട് ഡിസൈന്‍ ഇത്ര കണ്ട് അസഹനീയമായി തോന്നിയത് തങ്കലാനിലായിരുന്നു.
പെര്‍ഫോമന്‍സ് കൊണ്ട് സൂര്യ സിനിമയെ താങ്ങിനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പോലും അലറിക്കൊണ്ടുള്ള ഡയലോഗ് ഡെലിവറി പിന്നോട്ടുവലിക്കുന്നുണ്ട്. ഒരു സൈഡില്‍ സൂര്യയുടെ അലര്‍ച്ചയും മറ്റൊരു സൈഡില്‍ ബോബി ഡിയോളിന്റെ അലര്‍ച്ചയും പിന്നെ ബാക്കി ആര്‍ട്ടിസ്റ്റുകളുടെ വക സപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള അലര്‍ച്ചയും കൂടെയാകുമ്പോള്‍ എല്ലാം തികഞ്ഞ ഫീലായി.
അനിമലില്‍ ഒരു ഡയലോഗ് പോലുമില്ലാതെ വെറും 20 മിനിറ്റ് കൊണ്ട് ബോബി ഡിയോളിന്റെ വില്ലനിസം എന്താണെന്ന് കണ്ടതായിരുന്നു. എന്നാല്‍ അതിനെക്കാള്‍ കൂടുതല്‍ സ്‌ക്രീന്‍ ടൈം കിട്ടിയിട്ട് അതിനെ മര്യാദക്ക് ഉപയോഗിക്കാന്‍ സംവിധായകനായ ശിവക്ക് സാധിച്ചില്ല. വളരെ വീക്കായ…യാതൊരു മോട്ടീവും ഇല്ലാത്ത വില്ലനായിരുന്നു ഉധിരന്‍.
കല്‍ക്കിയില്‍ എന്താണോ അതിന്റെ തുടര്‍ച്ചയായിരുന്നു ദിശാ പഠാനി ഈ സിനിമയില്‍. ദിശയുടെ സീനുകള്‍ അതുപോലെ വെച്ചാലും എടുത്തുകളഞ്ഞാലും സിനിമയെ യാതൊരു തരത്തിലും ബാധിക്കില്ല. ദിശയുടെ കൂട നടക്കുന്ന റെഡിന്‍ കിങ്സ്ലി സ്ഥിരം ശൈലിയിലെ ഡയലോഗ് ഡെലിവറി കൊണ്ട് പരമാവധി വെറുപ്പിക്കുന്നുണ്ട്.
ഇതില്‍ പാസ്റ്റിലും പ്രസന്റിലുമുള്ള കുട്ടിയുടെ കഥാപാത്രത്തെപ്പറ്റി പറയാതെ മുഴുമിപ്പിക്കാന്‍ കഴിയില്ല. മരക്കാറിന് ശേഷം ഒരു കഥാപാത്രത്തിന്റെ കരച്ചില്‍ കണ്ട് ചിരിയടക്കാന്‍ പറ്റാതെ പോയത് ഈ സിനിമയിലാണ്. കൊടുവന്‍ എന്ന ക്യാരക്ടറിനായി അഭിനയിക്കാനറിയുന്ന ഏതെങ്കിലും കുട്ടിയെ കൊണ്ടുവന്നൂടെ എന്ന് സംവിധായകനോട് ചോദിച്ചുപോകും. അമച്വര്‍ ലെവല്‍ അഭിനയമെന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും.
റിലീസ് ചെയ്ത പാട്ടുകള്‍ എല്ലാം യൂട്യൂബില്‍ നല്ല അനുഭവം തന്നപ്പോള്‍ തിയേറ്ററില്‍ അതൊന്നും യാതൊരു ഇംപാക്ടും ഉണ്ടാക്കിയില്ല. ദേവി ശ്രീ പ്രസാദ് ഒരുക്കിയ ബി.ജി.എമ്മും ശരാശരിക്ക് മുകളില്‍ മാത്രമായി തോന്നി. ക്ലൈമാക്‌സിലെ യുദ്ധരംഗങ്ങളും ത്രീ.ഡി സീനുകളും പോസിറ്റീവ് ഫാക്ടറുകളായി കണക്കാക്കാം. എന്നിരുന്നാലും സിനിമയെ രക്ഷിക്കാന്‍ അതൊന്നും മതിയാകാതെവന്നു.
ബോഡി ട്രാന്‍സ്‌ഫോര്‍മേഷനടക്കം രണ്ടരവര്‍ഷത്തോളം ഈ സിനിമക്ക് വേണ്ടി സൂര്യ ചെലവാക്കിയതൊക്കെ വെറുതെയായിപ്പോയി. രജിനികാന്ത്, കമല്‍ ഹാസന്‍, വിജയ് എന്നിവര്‍ക്കൊപ്പം ബിഗ് ബജറ്റ് സിനിമകള്‍ തന്ന് ക്ഷമ പരീക്ഷിച്ച ലിസ്റ്റിലേക്ക് സൂര്യയും കങ്കുവയിലൂടെ ഇടംപിടിച്ചു. വൈഡ് റിലീസ് കാരണം മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്നതുകൊണ്ട് നിര്‍മാതാവിന് ആശ്വസിക്കാം.
Content Highlight: Kanguva movie review