| Tuesday, 17th December 2024, 6:08 pm

2000 കോടിക്ക് വെറും 1893 കോടി കുറവ്... തിയേറ്റര്‍ റണ്‍ അവസാനിച്ച് കങ്കുവ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമ ഈ വര്‍ഷം കണ്ട ഏറ്റവും വലിയ പ്രൊമോഷനില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കങ്കുവ. രണ്ടര വര്‍ഷത്തിന് ശേഷം തിയേറ്ററിലെത്തുന്ന സൂര്യ ചിത്രം എന്ന നിലയില്‍ ആരാധകരും പ്രതീക്ഷയുടെ കൊടുമുടിയിലായിരുന്നു. ലോകമെമ്പാടും പതിനായിരത്തിലധികം സ്‌ക്രീനില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറി. ആദ്യ ഷോ അവസാനിച്ചപ്പോള്‍ മുതല്‍ മോശം പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

നവംബര്‍ 14ന് പുറത്തിറങ്ങിയ ചിത്രം കഴിഞ്ഞദിവസം തിയേറ്ററുകളില്‍ നിന്ന് പൂര്‍ണമായും പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നു. റിലീസിന് മുമ്പ് 2000 കോടി കളക്ഷന്‍ ലഭിക്കുമെന്ന് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന് ആകെ നേടാന്‍ സാധിച്ചത് വെറും 107 കോടി മാത്രമാണ്. പുഷ്പ 2വിന്റെ ഗംഭീര തിയേറ്റര്‍ റണ്‍ കാരണമാണ് കങ്കുവ ബാക്കിയുള്ള സ്‌ക്രീനുകളില്‍ നിന്ന് പിന്‍വലിച്ചത്. കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടിയിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു.

ഇതിന് പിന്നാലെ ജ്ഞാനവേല്‍ രാജയുടെ അവകാശവാദം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രോളുകള്‍ക്ക് ഇരയായി മാറിയിരിക്കുകയാണ്. ഇനി വെറും 1893 കോടി മാത്രമേ നേടാനുള്ളൂവെന്നാണ് പലരും പരിഹസിക്കുന്നത്.

അതോടൊപ്പം ഓഡിയോ ലോഞ്ചിന്റെ പാസ് സൂക്ഷിച്ചുവെച്ചാല്‍ ഡിസംബറില്‍ നടക്കുന്ന സക്‌സസ് സെലിബ്രേഷന് വരാമെന്ന ജ്ഞാനവേല്‍ രാജ പറഞ്ഞതും പലരും ട്രോളിനുള്ള കണ്ടന്റാക്കി മാറ്റുന്നുണ്ട്. റിലീസിന് മുമ്പ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഹൈപ്പ് ഉണ്ടാക്കാന്‍ പറഞ്ഞ വാക്കുകള്‍ എല്ലാം സോഷ്യല്‍ മീഡിയ ട്രോളാന്‍ വേണ്ടി ഉപയോഗിക്കുന്നുണ്ട്.

250 കോടി ബജറ്റിലെത്തിയ ചിത്രം നിര്‍മാതാവിനെ സുരക്ഷിതനാക്കിയെങ്കിലും വിതരണക്കാര്‍ക്ക് കടുത്ത നഷ്ടമാണ് വരുത്തിവെച്ചത്. 130 കോടിയോളമാണ് ചിത്രം ഉണ്ടാക്കിയ നഷ്ടം. ഇതോടെ പ്രഭാസ് ചിത്രമായ രാധേശ്യാമിനെ പിന്തള്ളി ഏറ്റവുമധികം നഷ്ടമുണ്ടാക്കിയ ഇന്ത്യന്‍ സിനിമ എന്ന മോശം റെക്കോഡ് കങ്കുവയുടെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. കഴിഞ്ഞ കുറച്ചുകാലമായി തിയേറ്റര്‍ ഹിറ്റില്ലാത്ത സൂര്യയുടെ തിരിച്ചുവരവ് കങ്കുവയിലൂടെയാകുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്കും ചിത്രത്തിന്റ പരാജയം വലിയ ആഘാതം നല്‍കി.

സ്റ്റുഡിയോ ഗ്രീന്‍ പ്രൊഡക്ഷന്‍സ്, യു.വി ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ ജ്ഞാനവേല്‍ രാജ, വംശി കൃഷ്ണ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സൂര്യക്ക് പുറമെ ബോളിവുഡ് താരങ്ങളായ ബോബി ഡിയോള്‍, ദിശാ പഠാനി എന്നിവര്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. ചിത്രത്തിന്റെ ഒടുവില്‍ കാര്‍ത്തിയും അതിഥിവേഷത്തിലെത്തിയിരുന്നു. മോശം സ്‌ക്രിപ്റ്റും പെര്‍ഫോമന്‍സും കാരണം കങ്കുവ ഈ വര്‍ഷത്തെ ദുരന്ത ചിത്രങ്ങളിലൊന്നായി മാറി.

Content Highlight: Kanguva ends it theatrical run with 107 crores

We use cookies to give you the best possible experience. Learn more