സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. അണ്ണാത്തെ എന്ന വന്‍ പരാജയത്തിന് ശേഷം ശിവയുടെയും കുറച്ച് കാലങ്ങളായി തിയേറ്റര്‍ ഹിറ്റില്ലാതിരിക്കുന്ന സൂര്യയുടെയും തിരച്ചുവരവാകും കങ്കുവയെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാതിരുന്ന ചിത്രം പിന്നീട് ഓരോ അനൗണ്‍സ്മെന്റിലും പ്രതീക്ഷ കൂട്ടിക്കൊണ്ടിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഒരോ അപ്ഡേറ്റും ക്വാളിറ്റിയുള്ളവയായിരുന്നു.
ഇപ്പോഴിതാ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അതിഗംഭീര ബുക്കിങ്ങാണ് കങ്കുവക്ക് ലഭിച്ചത്. റിലീസിന് രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചത് പലയിടത്തും വിമര്‍ശനം കേള്‍ക്കാനിടയായിരുന്നു. എന്നാല്‍ തമിഴ്‌നാട് ഒഴികെ മറ്റെല്ലായിടത്തും ചിത്രത്തിന്റെ ബുക്കിങ് പലരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലായി മാറി.
കേരളത്തില്‍ നിന്ന് മാത്രം ഒരുകോടിയാണ് ചിത്രം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത്. രാവിലെ 10 മണിക്കാണ് കേരളത്തില്‍ ബുക്കിങ് ആരംഭിച്ചത്. നാല് മണിക്കൂര്‍ കൊണ്ടാണ് ചിത്രം ഇത്രയധികം നേടിയത്. സൂര്യയുടെ മുന്‍ചിത്രമായ എതര്‍ക്കും തുനിന്തവന്‍ പ്രീ സെയിലിലൂടെ വെറും 25 ലക്ഷം മാത്രമായിരുന്നു നേടിയത്. കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തുന്ന ചിത്രം സകല റെക്കോഡും തിരുത്തിക്കുറിക്കുമെന്ന് ഇതോടെ ഉറപ്പായി. കേരളത്തില്‍ മാത്രം 550 സ്‌ക്രീനുകളില്‍ കങ്കുവ പ്രദര്‍ശത്തിനെത്തും.
നോര്‍ത്ത് ഇന്ത്യയിലും അപ്രതീക്ഷിത കുതിപ്പാണ് നടത്തുന്നത്. വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ ഹിന്ദി പതിപ്പിന്റെ പ്രീ സെയില്‍ റെക്കോഡ് രണ്ട് ദിവസം കൊണ്ട് കങ്കുവ മറികടന്നു. നോര്‍ത്ത് ഇന്ത്യയില്‍ മാത്രം ചിത്രം ആയിരത്തിലധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും. എന്നാല്‍ വിതരണക്കാര്‍ തമ്മിലുള്ള പ്രശ്‌നം കാരണം തമിഴ്‌നാട്ടില്‍ ബുക്കിങ് ട്രാക്കിലാകുന്നതേയുള്ളൂ.