പ്രഭാസ് ഇനി രണ്ടാം സ്ഥാനത്ത്, ഏറ്റവുമധികം നഷ്ടമുണ്ടാക്കിയ സൗത്ത് ഇന്ത്യന്‍ ചിത്രമെന്ന നാണക്കേട് കങ്കുവക്ക്
Film News
പ്രഭാസ് ഇനി രണ്ടാം സ്ഥാനത്ത്, ഏറ്റവുമധികം നഷ്ടമുണ്ടാക്കിയ സൗത്ത് ഇന്ത്യന്‍ ചിത്രമെന്ന നാണക്കേട് കങ്കുവക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st November 2024, 4:32 pm

280 കോടി ബജറ്റില്‍ രണ്ടര വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനും ഇന്ത്യ മുഴുവന്‍ ഓടിനടന്നുള്ള പ്രൊമോഷനുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് കങ്കുവ. അണ്ണാത്തെ എന്ന പരാജയചിത്രത്തിന് ശേഷം ശിവ അണിയിച്ചൊരുക്കിയ ചിത്രം ആദ്യ ഷോ അവസാനിച്ചപ്പോള്‍ മോശം പ്രതികരണം നേടിയിരുന്നു.

വന്‍ തുകയ്ക്കായിരുന്നു ചിത്രത്തിന്റെ തിയേറ്ററിക്കല്‍- നോണ്‍ തിയേറ്ററിക്കല്‍ റൈറ്റ്‌സുകള്‍ വിറ്റുപോയത്. എന്നാല്‍ മോശം പ്രതികരണം കാരണം സൂര്യയുടെ മാത്രമല്ല, തമിഴ് സിനിമയിലെ ഏറ്റവും വലിയ നഷ്ടം നേരിട്ട സിനിമയായി കങ്കുവ മാറിയിരിക്കുകയാണ്. ചിത്രം വിതരണത്തിനെടുത്തവര്‍ സേഫാകണമെങ്കില്‍ 400 കോടിയാണ് ആവശ്യം.

എന്നാല്‍ ചിത്രം ഇതുവരെ 130 കോടി മാത്രമേ നേടിയുള്ളൂ. ആദ്യ വീക്കെന്‍ഡ് അവസാനിച്ചപ്പോള്‍ വന്‍ ഇടിവാണ് കളക്ഷനില്‍ സംഭവിച്ചത്. ചിത്രം 200 കോടിക്ക് താഴെയേ കളക്ഷന്‍ അവസാനിക്കുള്ളൂ. ഇതോടെ ഏറ്റവും വലിയ നഷ്ടം നേരിട്ട സൗത്ത് ഇന്ത്യന്‍ സിനിമകളിലെ ഒന്നാം സ്ഥാനമെന്ന മോശം നേട്ടമാണ് കങ്കുവ തന്റെ പേരിലാക്കിയത്. 135 കോടിയാണ് ചിത്രം മൂലമുണ്ടായ നഷ്ടം.

കേരളം, ആന്ധ്ര-തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി എല്ലായിടത്തും ചിത്രം ഒരുപോലെ പരാജയപ്പെട്ടിരിക്കുകയാണ്. 10 കോടിക്ക് കേരള റൈറ്റ്‌സ് വിറ്റുപോയ ചിത്രം ഇതവരെ ഏഴ് കോടി മാത്രമേ നേടിയിട്ടുള്ളൂ.

ഇതിന് മുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് പ്രഭാസ് നായകനായ രാധേ ശ്യാമായിരുന്നു. 2022ല്‍ റിലീസായ ചിത്രം 350 കോടി ബജറ്റിലാണ് ഒരുങ്ങിയത്. എന്നാല്‍ 165 കോടി മാത്രമേ ചിത്രം നേടിയുള്ളൂ. നിര്‍മാതാവിന് 130 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതിന് പിന്നാലെ തന്റെ പ്രതിഫലം പ്രഭാസ് തിരികെ കൊടുത്തത് വലിയ വാര്‍ത്തയായിരുന്നു.

ഈ വര്‍ഷം നിര്‍മാതാവിന് വന്‍ നഷ്ടം സമ്മാനിച്ച തമിഴ് സിനിമകളില്‍ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് കങ്കുവ. കമല്‍ ഹാസന്‍ നായകനായ ഇന്ത്യന്‍ 2 നിര്‍മാതാവിന് 110കോടിയിലധികം രൂപയുടെ നഷ്ടമാണ് സമ്മാനിച്ചത്. പിന്നാലെ റിലീസായ രജിനികാന്ത് ചിത്രം വേട്ടൈയനും നഷ്ടമുണ്ടാക്കുന്നതില്‍ മടി കാണിച്ചില്ല. 80 കോടിയാണ് ചിത്രം വരുത്തിവെച്ച നഷ്ടം.

അതേസമയം വിജയ് നായകനായെത്തിയ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം കേരളത്തിലും നോര്‍ത്ത് ഇന്ത്യയിലുമൊഴികെ മറ്റെല്ലായിടത്തും ലാഭമുണ്ടാക്കി. 400 കോടി ബജറ്റിലെത്തിയ ചിത്രം 400 കോടിക്കുമുകളില്‍ കളക്ഷന്‍ സ്വന്തമാക്കി. ശിവകാര്‍ത്തികേയന്‍ ചിത്രം അമരനാണ് നിര്‍മാതാവിനും വിതരണക്കാരനും ലാഭമുണ്ടാക്കിക്കൊടുത്ത മറ്റൊരു ബിഗ് ബജറ്റ് ചിത്രം. 130 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 300 കോടിയും കടന്ന് കുതിക്കുകയാണ്.

Content Highlight: Kanguva became the most loss making film in South Indian Industry