തോല്‍വിക്ക് കാരണം ബി.ജെ.പിയുടെ വോട്ടിങ് മെഷീന്‍ അട്ടിമറിയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; തോറ്റത് അഞ്ച് ലക്ഷത്തോളം വോട്ടിന്
D' Election 2019
തോല്‍വിക്ക് കാരണം ബി.ജെ.പിയുടെ വോട്ടിങ് മെഷീന്‍ അട്ടിമറിയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; തോറ്റത് അഞ്ച് ലക്ഷത്തോളം വോട്ടിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2019, 12:31 pm

ധര്‍മശാല: ബി.ജെ.പിക്കെതിരെ വോട്ടിങ് മെഷീന്‍ അട്ടിമറി ആരോപണവുമായി രംഗത്തെത്തിയ ഹിമാചല്‍പ്രദേശ് കന്‍ഗ്രയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വി അഞ്ച് ലക്ഷത്തിനടുത്തുള്ള വോട്ടിന്.

ബി.ജെ.പിയുടെ കിഷന്‍ കപൂര്‍ 7,25218 വോട്ടുകള്‍ നേടിയപ്പോള്‍ പവന്‍ കാജലിന് 247000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.ബി.എസ്.പി മികച്ച പ്രകടനം പ്രതീക്ഷിച്ച ഇവിടെ സ്ഥാനാര്‍ത്ഥി കെഹാര്‍ സിങ്ങിന് 8866 വോട്ടുമാത്രമാണ് ലഭിച്ചത്.

55.21 ശതമാനമായിരുന്നു കന്‍ഗ്രയിലെ പോളിങ്. 2009 ല്‍ ബി.ജെ.പിയുടെ രാജന്‍ സുഷാന്ത് വെറും 20,000 വോട്ടിന്റെ മാര്‍ജിനിലാണ് ഇവിടെ വിജയിച്ചത്. 3.14 ശതമാനം മാത്രമായിരുന്നു വോട്ട് ഷെയര്‍. എന്നാല്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ അത് 48.64 ശതമാനമായിട്ടാണ് ഉയര്‍ന്നത്.
2014 ല്‍ ബി.ജെ.പിയുടെ ശാന്തകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 1,70,072 വോട്ടിനാണ് തോല്‍പ്പിച്ചത്.

തന്റെ തോല്‍വിക്ക് കാരണം വോട്ടിങ് മെഷീന്‍ അട്ടിമറി തന്നെയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പവന്‍ പറഞ്ഞു.

കന്‍ഗ്രയിലെ കോണ്‍ഗ്രസ് എം.എല്‍.എ കൂടിയായ പവന്‍ ബി.ജെ.പിയുടെ ഭക്ഷ്യ സിവില്‍സര്‍വീസ് വകുപ്പ് മന്ത്രി കൂടിയായ കിഷന്‍ കപൂറിനെതിരെയായിരുന്നു മത്സരിച്ചത്. ശക്തമായ മത്സരം പ്രതീക്ഷിച്ച ഇവിടെ സ്വന്തം മണ്ഡലത്തില്‍ പോലും പവന്‍ പരാജയപ്പെട്ടു. സ്വന്തം മണ്ഡലത്തില്‍പ്പോലും താന്‍ വലിയ തോല്‍വിയാണ് നേരിട്ടതെന്നും ഇത് അത്ഭുതമാണെന്നുമാണ് പവന്‍ കാജല്‍ പ്രതികരിച്ചത്.

” തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. എന്നാല്‍ വോട്ട് മാര്‍ജിനില്‍ വരുന്ന വലിയ വ്യത്യാസം കൃത്യമായ അട്ടിമറികള്‍ നടന്നുവെന്നതിന്റെ തെളിവാണ്. ബി.ജെ.പി ഇ.വി.എമ്മില്‍ തിരിമറി നടത്തിയെന്ന് തന്നെ വിശ്വസിക്കുകയാണ്”- പവന്‍ പറഞ്ഞു. കിഷന്‍ കപൂറിനും പവന്‍ കാജലിനും പുറമെ ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ ജനവിധി തേടിയിരുന്നു.

478218 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിച്ചത്. സ്വന്തം മണ്ഡലത്തില്‍ പോലും താന്‍ 25000 വോട്ടുകള്‍ക്ക് തോറ്റുവെന്നും ഇത് അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചലിലെ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായി വിലയിരുത്തിയ മണ്ഡലമാണ് കന്‍ഗ്ര. 15,10,075 ആളുകളാണ് ഇവിടെയുള്ളത്.

എല്ലാ എക്‌സിറ്റ്‌പോളുകളും ഹിമാചലിലെ നാല് മണ്ഡലങ്ങളിലും ബി.ജെ.പി വിജയം നേടുമെന്ന് പ്രവചിച്ചിരുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം. കന്‍ഗ്ര, മാണ്ഡി, ഹാമിര്‍പൂര്‍, ഷിംല തുടങ്ങിയ നാല് മണ്ഡലങ്ങളിലും ബി.ജെ.പി 2014 ലും വലിയ വിജയം നേടിയിരുന്നു.